പൊന്നാനി : നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കുണ്ടുകടവിൽ പണിയുന്ന പാലത്തിന്റെ നിർമാണപുരോഗതി പി. നന്ദകുമാർ എം.എൽ.എ. വിലയിരുത്തി.
പാലത്തിന്റെ പൈലിങ് ജോലികൾ 80 ശതമാനം പൂർത്തിയായി. പൈൽ ക്യാപ് പ്രവൃത്തികളും 80 ശതമാനം പൂർത്തീകരിച്ചു. 25 ഗർഡറുകളിൽ ഒൻപത് ഗർഡറുകൾ ഇതിനകം നിർമിച്ചു. അവസാനത്തെ മൂന്ന് സ്ലാബുകളുടെ കോൺക്രീറ്റിങ് അടുത്തമാസം പൂർത്തീകരിക്കും.
പൊന്നാനി ഭാഗത്തെ പൈലിങ് പൂർത്തിയായിട്ടുണ്ട്. മാറഞ്ചേരി ഭാഗത്തെ പൈലിങ്ങാണ് ഇപ്പോൾ നടക്കുന്നത്. സമീപനറോഡ് നിർമാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. അടുത്തവർഷം മേയിൽ നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊന്നാനി ഭാഗത്ത് സമീപനറോഡിന്റെ വലതുഭാഗത്ത് സർവീസ് റോഡും കാനയും നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
സ്ഥലം വിട്ടുനൽകിയാൽ സർവീസ് റോഡ് നിർമിക്കാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിലെ പാലത്തിന്റെ കിഴക്കുഭാഗത്ത് 29.3 കോടി രൂപ ചെലവഴിച്ചാണ് 227 മീറ്റർ നീളത്തിൽ പുതിയപാലം നിർമിക്കുന്നത്. പുതിയ പാലത്തിന് നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ടാകും.
7.5 മീറ്റർ വീതിയാണ് ഗതാഗതത്തിനുണ്ടാവുക. ഇരുവശത്തും നടപ്പാതയുണ്ടാകും. 210 മീറ്ററാണ് ഇരുവശത്തേക്കുമുള്ള സമീപനറോഡിന്റെ നീളം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.