പൊന്നാനി : സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന നവകേരള സദസ്സിന് പൊന്നാനിയിൽ സംഘാടക സമിതിയായി. നവംബർ 27-ന് 11-ന് പൊന്നാനി ഹാർബറിലാണ് നവകേരള സദസ്സ്.
വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ സംവദിക്കും. രാവിലെ ഒൻപതിന് തിരൂരിലാണ് പ്രഭാതസദസ്സ്. സംഘാടകസമിതി രൂപവത്കരണയോഗത്തിൽ പി. നന്ദകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തഹസിൽദാർ കെ.ജി. സുരേഷ് കുമാർ, ഡെപ്യൂട്ടി കളക്ടർ ബിന്ദു മോൾ, അഡ്വ. ഇ. സിന്ധു, ബിനീഷ മുസ്തഫ, മിസ്‌രിയ സൈഫുദ്ദീൻ, കെ.വി. ഷഹീർ, ആരിഫ, അജിത് കൊളാടി, അഡ്വ. പി.കെ. ഖലീമുദ്ദീൻ, കെ.എം. മുഹമ്മദ് കാസിം കോയ, പി.കെ. രഞ്ജിനി എന്നിവർ പ്രസംഗിച്ചു. പി. നന്ദകുമാർ എം.എൽ.എ. ചെയർമാനും ഫിഷറീസ് ഡെപൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി ജനറൽ കൺവീനറും തഹസിൽദാർ കെ.ജി. സുരേഷ് കുമാർ കോ-ഓർഡിനേറ്ററുമായി സംഘാടകസമിതി രൂപവത്കരിച്ചു. വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.