പൊന്നാനി : ജില്ലയിലെ പ്രധാന വള്ളംകളി മത്സരം നടക്കുന്ന പൊന്നാനി പുളിക്കകടവ് ബിയ്യം കായൽക്കരയിലെ തകർച്ചയിലായ സ്റ്റേജ് നഗരസഭ പുനർനിർമിക്കാനൊരുങ്ങുന്നു.അമൃതം പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് സ്റ്റേജ് പുനർനിർമിക്കുന്നത്.1984-ൽ എം.പി. ഗംഗാധരൻ മന്ത്രിയായിരിക്കുമ്പോഴാണ് വള്ളംകളി മത്സരങ്ങൾ കാണാൻ വി.ഐ.പി.കൾക്കിരിക്കാനായി സ്റ്റേജ് നിർമിച്ചത്.വിജയികൾക്കുള്ള സമ്മാനദാന ചടങ്ങുകളും ഇവിടെയാണ് നടത്തുന്നത്.കാലക്രമേണ സ്റ്റേജിന്റെ കൈവരികളും കാലുകളും മറ്റും ദ്രവിച്ച് കമ്പികൾ പുറത്ത് വന്നുതുടങ്ങി.മുകളിലെ ഷീറ്റുകൾ പൊട്ടിപ്പൊളിഞ്ഞു. ഇതോടെ അപകടാവസ്ഥയിലായ സ്റ്റേജിലേക്കുള്ള പ്രവേശനം മൂന്നുവർഷമായി കളക്ടർ നിരോധിച്ചിരുന്നു.ഇതാണ് പുതുതലമുറയെ ആകർഷിക്കുന്ന വിധത്തിൽ താഴെ സ്റ്റേജും മുകളിൽ റെസ്റ്റോറന്റുമായി നിർമിക്കാൻ നഗരസഭ ഒരുങ്ങുന്നത്. മ്യൂസിക്കൽ വാട്ടർ ഫൗണ്ടെയിൻ, വള്ളംകളി കാണാനെത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യം തുടങ്ങിയവയും ഇവിടെയൊരുക്കും.പദ്ധതിയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കി ടെൻഡർ ക്ഷണിക്കാനുള്ള നടപടികൾക്കായി തയ്യാറെടുക്കുകയാണ് നഗരസഭ.

Related Post

Leave a Reply

Your email address will not be published. Required fields are marked *