തിരൂർ : കൊട്ടിഘോഷിച്ച് നിർമിച്ച സ്മാരകം വൃത്തിയായി സൂക്ഷിക്കാതെ തിരൂർ നഗരസഭ സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും സമരനായകന്മാരുടെയും സ്മരണയ്ക്കു വേണ്ടി നഗരസഭ നിർമിച്ച ഫ്രീഡം സ്ക്വയറാണ് പുൽക്കാട് കയറിക്കിടക്കുന്നത്. ഇവിടെയുള്ള ഫ്രീഡം ലൈറ്റിനു മുകളിൽ പോലും പുല്ല് മുളച്ചുകിടക്കുകയാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണകളുമായി പൊതുജനങ്ങൾക്ക് ഇരിക്കാനുണ്ടാക്കിയ ഫ്രീഡം സ്ക്വയർ ഇപ്പോൾ റെയിൽവേ സ്റ്റേഷനിലും മറ്റും വരുന്നവരുടെ ബൈക്ക് പാർക്കിങ് കേന്ദ്രമാണ്.2022 ഓഗസ്റ്റ് 15ന് ആണ് നഗരസഭ തിരൂർ റെയിൽവേ സ്റ്റേഷനു മുന്നിലെ ഫ്രീഡം ലൈറ്റിനു സമീപം ഫ്രീഡം സ്ക്വയർ നിർമിച്ച് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പുന്നയ്ക്കൽ കുട്ടിശങ്കരൻ നായരെ 1942ൽ ഇവിടെ വച്ചാണ് ബ്രിട്ടിഷ് പട്ടാളം അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ 10 മാസം കഠിനതടവിന് ശിക്ഷിച്ച് തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ അടയ്ക്കുകയും ചെയ്തു. പി.കെ.മൊയ്തീൻകുട്ടി, കെ.പി.കേളു നായർ എന്നിവരെയും അറസ്റ്റ് ചെയ്തത് ഇവിടെ വച്ചാണ്.

ഇതിന്റെ ഓർമയ്ക്കു വേണ്ടിയാണ് തൃക്കണ്ടിയൂർ പഞ്ചായത്ത് ഇവിടെ ഫ്രീഡം ലൈറ്റ് സ്ഥാപിച്ചത്. ഇത് നഗരസഭ 2022ൽ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനോടു ചേർന്ന് ഫ്രീഡം സ്ക്വയറും നിർമിച്ചു. ഇരിപ്പിടങ്ങളും പൂച്ചെടികളും വച്ച് സ്ഥലം മനോഹരവുമാക്കി. ഗാന്ധിജിയുടെയും വാഗൺ ട്രാജഡിയുടെയും ഓർമച്ചിത്രങ്ങൾ ഇവിടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിലവി‍ൽ പൂച്ചെടികളെല്ലാം നശിച്ചു. ഗാന്ധിജിയുടെ ചിത്രത്തിനോടു ചേർന്ന് പിടിപ്പിച്ച പൂച്ചെട്ടികളിൽ ഇപ്പോൾ മഷിത്തണ്ടാണു വളരുന്നത്. ഫ്രീഡം ലൈറ്റിൽ പോലും പുല്ല് പടർന്നുപിടിച്ചിട്ടുണ്ട്. ഫ്രീഡം സ്ക്വയറാണെങ്കിൽ ഇപ്പോൾ ബൈക്ക് പാർക്കിങ് കേന്ദ്രമായിട്ടുണ്ട്.കൂടാതെ ഫ്രീഡം സ്ക്വയറിലേക്കു കടക്കുന്ന ഭാഗത്ത് ചെളി നിറഞ്ഞു കിടക്കുകയുമാണ്.  നഗരസഭയാണെങ്കിൽ ഇക്കാര്യങ്ങളിലൊന്നും ശ്രദ്ധ നൽകുന്നുമില്ല. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവിടെയൊന്നു ശുചിയാക്കുമെന്നതൊഴിച്ചാൽ ബാക്കി ദിവസങ്ങളിലെല്ലാം ഇവിടം കാടുമൂടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. ഇത് സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് വിവിധ സംഘടനകൾ പരാതിപ്പെടുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *