കുറ്റിപ്പുറം : മലബാറിന്‍റെ ചരിത്രത്തിനൊപ്പം ചേർത്തുവെക്കുന്ന കുറ്റിപ്പുറം പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന ഏക ചരിത്രശേഷിപ്പായ സിമന്റ് ഗോഡൗൺ വിസ്മൃതിയിലേക്ക്.പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസിനു സമീപത്താണ് ഇരുമ്പ് ഷീറ്റുകൊണ്ട് നിർമിച്ച ‘റ’ ആകൃതിയിലുള്ള സിമന്റ് ഗോഡൗൺ ഉള്ളത്. കുറ്റിപ്പുറം പാലത്തിന്‍റെ കൈവരികളും ‘റ’ ആകൃതിയിലാണ്. കാലപ്പഴക്കത്തിൽ തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്ന സിമന്റ് ഗോഡൗൺ കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് ലേലംചെയ്തു. ലേലസംഖ്യ അടച്ചു കഴിഞ്ഞാൽ പൊളിച്ചു കൊണ്ടു പോകുവാനുള്ള അനുമതി നൽകും. 1948-ൽ കുറ്റിപ്പുറം പാലത്തിന്റെ നിർമാണം ഏറ്റെടുത്ത ചെന്നൈ ആസ്ഥാനമായുള്ള മോഡേൺ ഹൗസിങ് കൺസ്ട്രക്‌ഷൻ ആൻഡ് പ്രോപ്പർട്ടീസാണ് സിമന്റ് ഗോഡൗൺ നിർമിച്ചത്.

പാലം നിർമാണത്തിന്‍റെ ചുമതലയുള്ള തൊഴിലാളികൾ താമസിച്ചിരുന്നതും ഇവിടെ ആയിരുന്നു. അക്കാലത്തെ സിമന്റ് കട്ട പിടിച്ചതിന്‍റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഗോഡൗണിന് അകത്തുണ്ട്. 10 മീറ്ററോളം വീതിയും 20 മീറ്ററോളം നീളവുമുണ്ട് ഗോഡൗണിന്.സിമന്റ് ഗോഡൗൺ പൊളിച്ചുനീക്കുന്ന സ്ഥലത്ത് ആധുനികരീതിയിൽ വിശ്രമകേന്ദ്രം നിർമിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്‍റെ നീക്കം.നിലവിൽ ഇവിടെയുള്ള വിശ്രമകേന്ദ്രം കാലപ്പഴക്കമുള്ളതാണ്. റെയിൽവെസ്റ്റേഷനും ബസ് സ്റ്റാൻഡും മിനി സിവിൽസ്റ്റേഷനും അടുത്തുള്ളതിനാൽ ആധുനികരീതിയിൽ വിശ്രമ കേന്ദ്രം ഇവിടെ നിർമിക്കുന്നത് യാത്രക്കാർക്കും ഗുണകരമാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *