പൊന്നാനി : കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിക്കാൻ പഴയ കെട്ടിടം പൊളിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. എന്നിട്ടും പൊന്നാനി താലൂക്കാശുപത്രിക്കായി പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ അനന്തമായി നീളുന്നു.മോർച്ചറി കെട്ടിടത്തിലേക്ക് മൃതദേഹവുമായി ഇടുങ്ങിയ വഴിയിലൂടെ ദുരിത സമാനമായ യാത്ര. തുരുമ്പ് പിടിച്ച ഫ്രീസർ സംവിധാനം, ആവശ്യത്തിന് ജീവനക്കാരുടെ അഭാവം. അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ പിറകിലാണ് പൊന്നാനി താലൂക്കാശുപത്രി.
സമാന അവസ്ഥയാണ് ജില്ലയിലെ ഏക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും. മാതൃ-ശിശു ആശുപത്രിയിൽ 10 വർഷമായിട്ടും ആരംഭിക്കാത്ത എൻ.ഐ.സി.യു സംവിധാനം, ഭാരക്കൂടുതലുള്ള ഗർഭിണികൾക്ക് പ്രസവ സമയത്ത് ആവശ്യമായ അടിയന്തര ശുശ്രൂഷക്കുള്ള സംവിധാനത്തിന്റെ അഭാവം. മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യുന്നതിവിടെ പതിവ് കാഴ്ചയാണ്.ഇഴഞ്ഞു നീങ്ങുന്ന രക്തബാങ്ക് സംവിധാനം. അപകട സ്പെഷൽ കെയർ യൂനിറ്റ് വാക്കുകളിൽ മാത്രം. പൊന്നാനിയിലെ ജില്ല, താലൂക്ക് ആതുരാലയങ്ങൾ അടിസ്ഥാന സൗകര്യമില്ലാതെ ഊർധശ്വാസം വലിക്കുകയാണ്.
മാതൃ ശിശു ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ നാല് ഡോക്ടർമാരെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതിനെത്തുടർന്നുണ്ടായ ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരം കാണാനും മറ്റു ജീവനക്കാരുടെ കുറവ് പരിഹരിക്കാനും യോഗങ്ങൾ നിരവധി ചേർന്നെങ്കിലും നടപടി ഒന്നുമായിട്ടില്ല. എം.എൽ.എയും നഗരസഭയും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.