പുറത്തൂർ : ആവേശത്തുഴയെറിഞ്ഞ് തിരൂർ പുഴയിലെ ഓളങ്ങളെ പിന്നിലാക്കി കുതിച്ച് വള്ളത്തോൾ സ്മാരക ജലോത്സവത്തിലെ കൊമ്പനായി ന്യൂ ക്ലാസിക് എരിക്കമണ്ണയുടെ മണിക്കൊമ്പൻ. തൊട്ടുപിന്നിലെത്തിയ ഫ്രൻഡ്സ് കറുകതിരുത്തിയുടെ കായൽക്കൊമ്പനെക്കാൾ ഒരു വള്ളപ്പാട് മുന്നിൽ കുതിച്ചെത്തിയാണ് മണിക്കൊമ്പൻ മേജർ വിഭാഗത്തിലെ വള്ളത്തോൾ സ്മാരക എവർ റോളിങ് ട്രോഫി അമരത്തേക്ക് എത്തിച്ചത്. കറുകതിരുത്തിയുടെ കോസ്മോസ് മൂന്നാം സ്ഥാനത്തെത്തി. 6 വള്ളങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്.
മൈനർ വിഭാഗത്തിൽ ആരോഹ കടവനാടിന്റെ മിഖായേലാണ് ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയത്. യൂത്ത്സ് ക്ലബ്ബിന്റെ വീരപുത്രനാണു രണ്ടാം സ്ഥാനം. മൂന്നാമതായി പാഞ്ഞെത്തിയത് ഫാസ്ക് പള്ളിപ്പടിയുടെ കായൽക്കുതിര ജൂനിയറാണ്. ഈ വിഭാഗത്തിൽ 5 വള്ളങ്ങളാണു മത്സരിച്ചത്. വെള്ളത്തിൽ തീപാറിയ മത്സരം കാണാൻ തിരൂർ പുഴയുടെ തീരങ്ങളിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. അഞ്ചാം തവണയാണ് പടിഞ്ഞാറേക്കര ഗോമുഖം ജെട്ടിലൈനിൽ വള്ളത്തോൾ സ്മാരക ജലോത്സവം നടക്കുന്നത്. പുറത്തൂർ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി പുറത്തൂർ പഞ്ചായത്തും പടിഞ്ഞാറേക്കര നാട്ടുകൂട്ടവും ചേർന്നാണ് ജലോത്സവം സംഘടിപ്പിച്ചത്.
മത്സരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ഒ.ശ്രീനിവാസൻ ആധ്യക്ഷ്യം വഹിച്ചു. സുഹറ ആസിഫ്, കെ.വി.എം.ഹനീഫ, കെ.ഉമ്മർ, കെ.ടി.പ്രശാന്ത്, ഐ.പി.കദീജ ബീവി, ഹസ്പ്ര യഹിയ, ടി.ബിനു, കെ.എസ്.സജീവൻ, വി.കെ.കമറുദ്ദീൻ, വി.കെ.യഹിയ, പി.അബ്ബാസ്, ഇ.വി.ജംഷീർ, സലാം താണിക്കാട്, ടി.ശ്രീധരൻ, സി.വാസു എന്നിവർ പ്രസംഗിച്ചു.