എടപ്പാൾ : തട്ടാൻപടി പൊന്നാഴിക്കരയിലെ പ്രധാന ജലസ്രോതസ്സായ കാവുകുളം വശങ്ങൾ ഇടിഞ്ഞും പായലും ചണ്ടിയും നിറഞ്ഞും നശിക്കുന്നു. പ്രദേശത്തെ ജനങ്ങൾക്കും കാർഷിക വിളകൾക്കുമെല്ലാംപ്രയോജനപ്രദമായിരുന്നകുളമാണ്നശിച്ചുകൊണ്ടിരിക്കുന്നത്.തട്ടാൻപടിയിൽനിന്ന് പൊൽപ്പാക്കര റോഡിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കാവുകുളം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശങ്ങളെ കിണറുകളിലെ ജലനിരപ്പ് താഴാതെ നിർത്താനുപകരിച്ചിരുന്നതാണ് ഈ കുളം. കുളത്തിൽ വെള്ളമുള്ളിടത്തോളം ഇവിടുത്തെ കിണറുകളും വറ്റിയിരുന്നില്ല.
സമീപത്തെ വീട്ടുകാരുടെ പറമ്പുകളിലെ കവുങ്ങ്, തെങ്ങ് കൃഷിക്ക് ജലസേചനത്തിനും ഇതിൽനിന്നുള്ള വെള്ളമാണ് എടുത്തിരുന്നത്. ഇതിന്റെ കരയിലുണ്ടായിരുന്ന ഒരു ആൽമരം മൂന്ന് വർഷംമുൻപ് കുളത്തിലേക്ക് മറിഞ്ഞുവീണിരുന്നു. അത് എടുത്തുമാറ്റാതെ ഇപ്പോൾ വെള്ളത്തിനടിയിലാണുള്ളത്. കുളം നന്നാക്കിയാൽ കുട്ടികൾക്ക് നീന്തൽപഠിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കും കാർഷിക മേഖലയ്ക്കുമെല്ലാം പ്രയോജനപ്പെടും.നിരന്തരം വരൾച്ചയുണ്ടാകുന്ന ഇക്കാലത്ത് ഇത്തരം ജലസ്രോതസ്സുകൾ നശിക്കാതെ സംരക്ഷിക്കേണ്ടത് അതിപ്രധാനമായിട്ടും അധികാരികൾ അതിന് തയ്യാറാവാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.