എടപ്പാൾ : കാന്തള്ളൂർ ശിവക്ഷേത്രപരിസരത്തെ റോഡിലെ തകർച്ചയും വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമാകുന്നു. വട്ടംകുളം തൈക്കാട് മഹിളാസമാജത്തിന് സമീപത്തുനിന്നാരംഭിക്കുന്ന കാന്തള്ളൂർ റോഡിൽ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയെത്തുംമുൻപാണ് റോഡ് തകർന്ന് കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുള്ളത്.ക്ഷേത്രത്തിലേക്കും ഇതുവഴി കാന്തള്ളൂർ, പോട്ടൂർ മേഖലകളിലേക്കുമെല്ലാം യാത്രചെയ്യുന്നവർ ഈ വെള്ളക്കെട്ടിലൂടെ വേണം പോകാൻ.ഇറക്കവും വളവുമെല്ലാം ചേർന്ന ഇവിടെ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയായതാണ് റോഡ് തകരാൻ കാരണം. മഴ പെയ്താൽ കുഴികളെല്ലാം വെള്ളക്കെട്ടിനടിയിലാകും. ഇതോടെ വാഹനങ്ങളിലുള്ളവരും കാൽനടയാത്രക്കാരും വലയുന്നതാണ് അവസ്ഥ. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നതും പതിവാണ്. റോഡിലെ ഈ അപകടാവസ്ഥ ഒഴിവാക്കാൻ റോഡുയർത്തി കാന നിർമിച്ച് വെള്ളമൊഴുക്കിവിടാൻ സംവിധാനം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.