എടപ്പാൾ : ഒന്നരപതിറ്റാണ്ടിലേറെക്കാലം അവകാശികളില്ലാതെ കാടുപിടിച്ചുകിടന്ന 20.8 സെന്റ് സ്വകാര്യഭൂമി ഒടുവിൽ സർക്കാർ ഭൂമിയാകുന്നു.മാസങ്ങളും വർഷങ്ങളും നീണ്ട നടപടിക്രമങ്ങളിലൂടെ നിയമനടപടികൾ പൂർത്തീകരിച്ച് ഭൂമി റവന്യൂ വകുപ്പിലേക്ക് ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. എടപ്പാൾ പഞ്ചായത്തിലെ പെരുമ്പറമ്പിൽ സഹോദരങ്ങളായ അറമുഖൻ, തങ്കമാളു എന്നിവർ താമസിച്ചിരുന്ന 20.81 സെന്റ് ഭൂമിയാണ് 2007 ഫെബ്രുവരി രണ്ടിന് അറമുഖന്റെ മരണത്തോടെ അനന്തരാവകാശികളില്ലാതായത്.അറമുഖനും തങ്കമാളുവും അവിവാഹിതരായതും മാതാപിതാക്കളോ മറ്റു ബന്ധുക്കളോ ഇല്ലാത്തവരുമായതിനാൽ ഭൂമി അന്യാധീനപ്പെടുന്ന അവസ്ഥയായി. ഈ ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി തഹസിൽദാർ 2008-ൽതന്നെ റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് നൽകിയാണ് നടപടികൾക്ക് തുടക്കം കുറിച്ചത്. റിപ്പോർട്ട് തിരൂർ ആർ.ഡി.ഒ.യുടെ പരിശോധനക്കുശേഷം ജില്ലാ കളക്ടർക്ക് കൈമാറിയെങ്കിലും വർഷങ്ങളോളം നടപടിയാവാതെ ഫയലിലുറങ്ങി.
വർഷങ്ങളായി സ്വന്തം ഭൂമിയില്ലാതെ എടപ്പാൾ പഞ്ചായത്തിൽ പല സ്ഥാപനങ്ങളും വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഈ ഭൂമി ഏറ്റെടുത്ത് കൈമാറുകയാണെങ്കിൽ അത്തരം സ്ഥാപനങ്ങൾക്ക് സ്വന്തം കെട്ടിടമുണ്ടാക്കാൻ ഉപയോഗിക്കാനാകുമായിരുന്നു. നടപടികൾ നീണ്ടുപോയതോടെ അവകാശികൾ താമസിച്ചിരുന്ന വീട് നശിക്കുകയും ഭൂമി കാടുകയറുകയും ചെയ്തു.ഇഴജന്തുക്കളും തെരുവുനായ്ക്കളുമടക്കം പെരുകിയതോടെ പരിസരവാസികളും പ്രയാസത്തിലായി. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് പലവട്ടം ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. തുടർന്ന് തഹസിൽദാർ നടപടികൾ പൂർത്തിയാക്കുകയായിരുന്നു.1964-ലെ നിയമപ്രകാരമാണ് ഭൂമി അന്യംനിൽപ്പ് ഭൂമിയാക്കി സർക്കാരിലേക്ക് കണ്ടുകെട്ടിയത്. പരാതിയുള്ളവർ 180 ദിവസത്തിനകം തിരൂർ സബ് കളക്ടർക്ക് രേഖാമൂലം എഴുതിനൽകണമെന്ന് റവന്യൂ ഓഫീസുകളിൽ നോട്ടീസ് പതിച്ചശേഷമാണ് നടപടികൾ പൂർത്തീകരിച്ചത്.ഭൂമി പൊന്നാനി തഹസിൽദാർ ഏറ്റെടുത്ത് എടപ്പാൾ വില്ലേജ് ഓഫീസറുടെ കസ്റ്റഡിയിൽ കൈയേറ്റമില്ലാതെ സൂക്ഷിക്കാനാണ് തീരുമാനം.