പൊന്നാനി : ചമ്രവട്ടം റെഗുലേറ്ററിനടിയിലെ ചോർച്ച പരിഹരിക്കാനുള്ള ഷീറ്റ് പൈലിങ് പ്രവൃത്തികൾ ഡിസംബർ പകുതിയോടെ പുനരാരംഭിക്കും. മഴക്കാലമായതിനാൽ ജൂൺ ആദ്യവാരത്തോടെ പ്രവൃത്തികൾ നിർത്തിവെച്ചിരുന്നു.റെഗുലേറ്ററിന്റെ മധ്യഭാഗത്തെ 14 ഷട്ടറുകൾക്കടിയിലെ മണ്ണൊലിച്ചുപോയതാണ് ചോർച്ചയ്ക്ക് കാരണം. 70 ഷട്ടറുകളും ഒരു കിലോമീറ്റർ നീളവുമുള്ള റെഗുലേറ്ററിൽ വേനൽക്കാലത്ത് ജലം സംഭരിച്ചുനിർത്താനാകാതെ കടലിലേക്ക് ഒഴുകിപ്പോകുകയാണ്.ചോർച്ച പരിഹരിക്കാൻ സർക്കാർ 31 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷീറ്റ് പൈലിങ് പ്രവൃത്തികൾ അഞ്ഞൂറ് മീറ്ററോളം പൂർത്തീകരിച്ചു.2025 ജൂണോടെ ഷീറ്റ് പൈലിങ് പൂർത്തീകരിച്ച് ജലം സംഭരിക്കാവുന്ന രീതിയിൽ പ്രവൃത്തി പുനരാരംഭിക്കാനാണ് പദ്ധതി.പുഴയിൽ ജലനിരപ്പ് താഴാത്തതിനാലാണ് നവംബറിൽ തുടങ്ങേണ്ട ഷീറ്റ് പൈലിങ് ഡിസംബറിലേക്ക് മാറ്റിയത്.പാലക്കാട് മലയോരമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു.