പുറത്തൂർ : ജില്ലയുടെ തീരദേശവികസനത്തിന്റെ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്ന പുറത്തൂർ നായർതോട് പാലത്തിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. പാലത്തിന്റെ സ്ലാബുകളിൽ മധ്യഭാഗത്ത് 36 മീറ്റർ പ്രവൃത്തി മാത്രമേ ബാക്കിയുള്ളൂ. ഒരു മാസംകൊണ്ട് ഇവിടത്തെ കോൺക്രീറ്റും പൂർത്തിയാകും. സമീപനറോഡുകളുടെ സ്ഥലമെടുപ്പ് പൂർത്തിയായാൽ അധികം വൈകാതെ തന്നെ പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കാനാകും.തവനൂർ നിയോജകമണ്ഡലത്തിൽ പുറത്തൂർ പഞ്ചായത്തിൽ കാവിലക്കാടിനെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിക്കുന്നതാണ് പാലം. ഇതു വരുന്നതോടെ നിർദിഷ്ട തീരദേശപാതയും ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിനേയും ബന്ധിപ്പിക്കുന്ന പാതയാകും ഈ വഴി. തിരൂർ -പൊന്നാനി പുഴയ്ക്കു കുറുകെയാണ് 433 മീറ്റർ നീളത്തിൽ പാലം നിർമിക്കുന്നത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. കിഫ്‌ബി പദ്ധതിപ്രകാരം 46.89 കോടി രൂപയ്ക്കാണ് ഊരാളുങ്കലിനു കരാർ നൽകിയത്. 2025 ഫെബ്രുവരിയിൽ പാലം തുറന്നുകൊടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പാലം യാഥാർഥ്യമാവുന്നതോടെ പടിഞ്ഞാറെക്കരയിൽനിന്നും ചമ്രവട്ടം പാലത്തിലേക്കുള്ള ദൂരം 20 കിലോമീറ്ററോളം കുറയും. പടിഞ്ഞാറേക്കരക്കാർക്ക് പഞ്ചായത്ത് ഓഫീസിലേക്കും ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള യാത്രയും എളുപ്പമാവും. നിലവിൽ മൂന്ന് ബസുകൾ മാറിക്കയറി വേണം യാത്രചെയ്യാൻ. പാലം വരുന്നതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും പൊന്നാനി ഹാർബറിലേക്കും എളുപ്പത്തിലെത്താനാകും.ഫാറൂക്ക് ഭാഗത്തുനിന്നും തീരദേശപാത വഴി വരുന്നവർക്ക് നഗരതിരക്കുകളൊഴിവാക്കി എളുപ്പത്തിൽ പൊന്നാനിയിലെ ദേശീയപാതയിലെത്താനാകും.പാലത്തിന് 20 മീറ്ററിന്റെ എട്ട് സ്പാനുകളും 36.20 മീറ്ററിന്റെ ആറ് സ്പാനുകളും നടുവിലായി 55 മീറ്ററിന്റെ ഒരു ബോസ്ട്രിങ് ആർച്ച്സ്പാനുമാണുള്ളത്. ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാൽ ഇൻലാൻഡ് വാട്ടർ വെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ഡബ്ല്യു.എ) മാനദണ്ഡങ്ങൾ അനുസരിച്ച് നടുവിലുള്ള സ്പാനിന് 55 മീറ്റർ നീളവും ആറ് മീറ്റർ ഉയരവും നൽകിയാണ് നിർമിക്കുന്നത്.കൂടാതെ പാലത്തിന്റെ ഇരുവശത്തുമായി ആകെ 470 മീറ്റർ അപ്രോച്ച് റോഡുമുണ്ട്.
ആകെ 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. ഇതിൽ 7.50 മീറ്റർ വീതിയിൽ ടാറിങ്ങും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ കൈവരിയോടു കൂടിയ നടപ്പാതയും ഉൾപ്പെടും. കിഫ്‌ബി മാനദണ്ഡമനുസരിച്ച് പാലത്തിന്റെ അതേ വീതിയിലാണ് അപ്രോച്ച് റോഡും നിർമിക്കുന്നത്. പാലത്തിലും അപ്രോച്ച് റോഡിനും ആവശ്യമായ വൈദ്യുതീകരണ പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അപ്രോച്ച് റോഡ് നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് തർക്കങ്ങൾ പരിഹരിച്ച് വേഗത്തിൽ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.നായർതോട് പാലം യാഥാർഥ്യമാകുന്നതോടെ തീരദേശത്തെ ടൂറിസംരംഗത്ത് കുതിപ്പേകും. തിരൂർ -പൊന്നാനിപ്പുഴ ഭാരതപ്പുഴയോടു ചേർന്ന് അറബിക്കടലിനോടു സംഗമിക്കുന്ന പടിഞ്ഞാറെക്കര അഴിമുഖത്തെ കാഴ്ച കാണാൻ പുതിയ പാലം എളുപ്പ വഴിയൊരുക്കും. ഗോമുഖം കടവിൽ വർഷംതോറും നടക്കുന്ന വള്ളത്തോൾ സ്മാരക വള്ളംകളിയിൽ കൂടുതൽ കാഴ്ചക്കാർക്കെത്താനും ഇതുപകരിക്കും. പുറത്തൂർ പള്ളിക്കടവിലെ അഴിമുനമ്പ്, മുരിക്കുംമാട് ദ്വീപ് തുടങ്ങിയിടങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാനാകും. ബോട്ട്, ഹൗസ്ബോട്ട് സർവീസുകളുടെ സാധ്യതയും വർധിക്കും.