കുറ്റിപ്പുറം : മഞ്ഞപ്പിത്തം പടരുന്ന കുറ്റിപ്പുറം പഞ്ചായത്തിൽ കരുതൽ നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.നസീറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ.സുബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചായത്തിലെത്തിയത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് മുൻകരുതലുകൾ സ്വീകരിക്കുന്നത്.കുറ്റിപ്പുറം പഞ്ചായത്തിലെ വാർഡ് 1,2, 21,22 വാർഡുകളിലെ നൂറ്റൻപതോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. പലരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കുട്ടികൾക്കാണ് രോഗം കൂടുതൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഏതാനും ദിവസം മുൻപ് പ്രദേശത്ത് നടന്ന വിവാഹ ചടങ്ങിനിടെയാണ് രോഗം പടർന്നതെന്ന് സൂചനയുണ്ട്.

രോഗബാധിത പ്രദേശങ്ങളിൽ ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. അശാസ്ത്രീയ ചികിത്സ തടയാനും ബോധവൽക്കരണം നടത്താനും ആരോഗ്യവകുപ്പ് നിർദേശം നൽകി. പൊതുപരിപാടികളിൽ ആൾക്കൂട്ടനിയന്ത്രണവും ഏർപ്പെടുത്തുന്നതിനും ശീതളപാനീയങ്ങളും രോഗം പടരാൻ കാരണമാകുന്ന അനുബന്ധ ഭക്ഷ്യോത്പന്നങ്ങളും നിരോധിക്കാനും നിർദേശമുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *