എരമംഗലം : ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴിവാക്കിയ തെരുവുവിളക്കുകൾക്ക് വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകൾ കെഎസ്ഇബിയിൽ അടയ്ക്കുന്നത് ലക്ഷക്കണക്കിന് രൂപ. പൊന്നാനി-ചാവക്കാട് ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിച്ചതോടെ പാതയുടെ ഇരുവശത്തും ഉണ്ടായിരുന്ന നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ മാറ്റിയതോടെയാണ് തദ്ദേശസ്ഥാപനങ്ങളുടെ തെരുവുവിളക്കുകൾ ഇല്ലാതായത്. 70,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇല്ലാത്ത ബൾബുകൾക്കു തെരുവുവിളക്കിന്റെ പേരിൽ 2 മാസം കൂടുമ്പോൾ പഞ്ചായത്തുകൾ കെഎസ്ഇബിക്ക് നൽകി കൊണ്ടിരിക്കുന്നത്.2 വർഷമായി ഇത്തരത്തിൽ പഞ്ചായത്തുകൾ കെഎസ്ഇബിക്ക് പണം നൽകുന്നുണ്ടെന്നാണ് പഞ്ചായത്ത് അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ജില്ലാ അതിർത്തിയായ പെരുമ്പടപ്പ് പഞ്ചായത്തിലെ കാപ്പിരിക്കാട് മുതൽ വെളിയങ്കോട് പഞ്ചായത്തിലെ പുതുപൊന്നാനി പാലം വരെയുള്ള 6 കിലോമീറ്റർ പാതയിലാണ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ചെറുതും വലുതുമായ തെരുവ് വിളക്കുകൾ പഞ്ചായത്തുകൾ സ്ഥാപിച്ചിരുന്നത്.
സാധാരണ എൽഇഡി ബൾബിനു പുറമേ അൻപതോളം ചെറുതും വലുതുമായ ഹൈമാസ്റ്റ് ലൈറ്റുകൾ പാതയിൽ നിന്ന് എടുത്ത് മാറ്റിയിട്ടുണ്ട്. ബൾബിനെ കൂടാതെ മിനി ഹൈമാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റുകൾക്കും കഴിഞ്ഞമാസം വരെ പഞ്ചായത്തുകൾ ബില്ല് അടച്ചിട്ടുണ്ട്. 9 വാട്ട് എൽഇഡി ബൾബ് ഒന്നിന് മാസം 70 രൂപയും ഹൈമാസ്റ്റിന് 1500 രൂപയുമാണ് ശരാശരി കണക്കാക്കി പുറങ്ങ്, പെരുമ്പടപ്പ്, പൊന്നാനി കെഎസ്ഇബി ഓഫിസുകളിൽ പഞ്ചായത്തുകളുടെ അക്കൗണ്ടിൽ നിന്ന് പണം നൽകുന്നത്.ദേശീയ പാതയിൽ നിലവിൽ പഞ്ചായത്തുകളുടെ ഒറ്റ ബൾബ് പോലും കത്തുന്നില്ലെന്നാണ് പഞ്ചായത്ത് അംഗങ്ങൾ പറയുന്നത്. പഞ്ചായത്തിന്റെ ബൾബുകൾ ഒഴിവാക്കിയ കാര്യം ദേശീയപാത അതോറിറ്റി അറിയിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരും പറയുന്നു. പഞ്ചായത്തും, കെഎസ്ഇബിയും സർവേ നടത്തി പ്രവർത്തിക്കാത്ത ബൾബിന്റെ പേരിൽ ബില്ല് അടയ്ക്കുന്നത് ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പൊന്നാനി-ചാവക്കാട് ദേശീയ പാത വീതി കൂട്ടിയതോടെ പഞ്ചായത്തുകൾ സ്ഥാപിച്ച തെരുവുവിളക്കുകൾ ഒഴിവാക്കി പകരം പുതിയ ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാന റോഡിൽ സ്ഥാപിച്ച എൽഇഡി ബൾബുകൾ അടുത്ത തന്നെ കത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.