എടപ്പാൾ : സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത ഐഎച്ച് ആർ ഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ നിർമ്മിത ബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പൊന്നാനി താലൂക്കിലെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകളും പരിശീലനക്യാമ്പും നടത്തുന്നു. താലൂക്കിലെ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി അതാത് സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ക്ലാസുകളിൽ റോബോട്ടിന്റെ ചരിത്രം റോബോട്ടിന്റെ അടിസ്ഥാന പ്രവർത്തനം, ഇലക്ട്രോണിക് പ്രോജക്ടുകൾ, ഇലക്ട്രോണിക് സർക്യൂട്ട് ഉണ്ടാക്കൽ തുടങ്ങിയവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ ഐഎച്ച്ആർഡി ഉന്നത വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടത്തുന്ന എ ഐ കോൺക്ലെവിന്റെ ഭാഗമായാണ് വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, താലൂക്കിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഈ പ്രോഗ്രാം ഒരുക്കുന്നത്. കുട്ടികൾക്ക് ടൂൾസ് പഠിപ്പിക്കുകയും, ടൂൾസ് ഉണ്ടാക്കാൻ പ്രാപ്തമാക്കുകയും, ഇമേജ് ജനറേഷൻ, വീഡിയോ ജനറേഷൻ എന്നിവയിലൂടെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രധാനമായും ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഈ കോഴ്സ് സൗജന്യമായി സംഘടിപ്പിച്ചിട്ടുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ഉൾപ്പെടുത്തി അടുത്തമാസം അവസാനം സ്കൂളിൽ സൗജന്യ പ്രായോഗിക പരിശീലന ക്യാമ്പും നടത്തും.ഐശ്വര്യ ലക്ഷ്മി എ.ബി, വാണി.കെ.കെ., ആകാശ്.കെ.പി., മുഹമ്മദ് നാദിം ,ഷമീം ഇ.വി എന്നീ വിദ്യാർത്ഥികളും ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് അധ്യാപകരായ അഞ്ജലി എൻ, അഞ്ജു.കെ.എം, റിനു.എം ,സുരേഷ് എൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.കക്കടിപ്പുറം സ്കൂളിലെ പ്രധാനാധ്യാപിക പി.ജി. ബിന്ദു സ്വാഗതവും വിദ്യാർത്ഥിനി അനന്യ കൃഷ്ണ.സി നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *