പൊന്നാനി : അവസാന മിനുക്കുപണികളിലേക്കു കടന്ന് ആറുവരിപ്പാത. പൊന്നാനി മേഖലയിൽ റോഡിൽ പെയ്ന്റിങ് തുടങ്ങിക്കഴിഞ്ഞു. മിക്കയിടങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. റോഡിലെ ഡിവൈഡറുകളിൽ പെയ്ന്റിങ് പുരോഗമിക്കുകയാണ്. പുതുപൊന്നാനി മുതൽ കാപ്പിരിക്കാട് വരെ ജില്ലയുടെ ഭാഗങ്ങൾ ഏറെക്കുറെ പൂർത്തിയായി. ചില ഭാഗങ്ങളിൽ നിർമാണം നീളുന്നതൊഴിച്ചാൽ ബാക്കിയെല്ലായിടത്തും അവസാനഘട്ട പണികളിലേക്കു കടന്നു കഴിഞ്ഞു. അടിപ്പാതയും മേൽപാതയും വരുന്ന ചില ഭാഗങ്ങളിലാണ് നിർമാണം നീളുന്നത്.
ജില്ലയിൽ റോഡിന്റെ ഇരുഭാഗങ്ങളിലുമായി അയ്യായിരത്തോളം തെരുവുവിളക്കുകളാണു സ്ഥാപിക്കുന്നത്. ഓരോ 30 മീറ്ററിനിടയിലും വിളക്ക് സ്ഥാപിക്കുന്നുണ്ട്. ഓരോ അര കിലോമീറ്ററിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമുണ്ട്. ദൃശ്യങ്ങളെല്ലാം ടോൾ പ്ലാസയിലെ വലിയ സ്ക്രീനിൽ തത്സമയം ലഭിക്കും. റോഡിൽ സ്ഥാപിക്കുന്ന തെരുവുവിളക്കുകളുടെ പ്രവർത്തനവും പരിപാലനവും അടുത്ത 15 വർഷം റോഡ് നിർമാണ കമ്പനിയാണു വഹിക്കുക. ഇതിന്റെ വൈദ്യുതി ബിൽ ഉൾപ്പെടെ കരാറുകാരുടെ ചുമതലയാണ്. ഏതാണ്ട് 6 ലക്ഷം രൂപയോളം ജില്ലയിൽ ആറുവരിപ്പാതയുടെ പ്രവർത്തനത്തിന്റെ ഭാഗമായുള്ള വൈദ്യുതിച്ചെലവ് വരുമെന്നാണ് നിഗമനം.