തിരുവനന്തപുരം : കാലവര്‍ഷം രാജ്യത്തുനിന്ന് വ്യാഴാഴ്ച പൂര്‍ണമായി പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും തുടക്കം ദുര്‍ബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. 24 മണിക്കൂറില്‍ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമര്‍ദമാവുകയും തുടര്‍ന്ന് ഒക്ടോബര്‍ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ചക്രവാതചുഴി ഒക്ടോബര്‍ 21 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം ഒക്ടോബര്‍ 23 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്
കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.