പൊന്നാനി : പൊന്നാനി പ്രദേശത്ത് ദുരിതംവിതയ്ക്കാറുള്ള കടലേറ്റത്തിന് ശാശ്വതപരിഹാരമായി ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി ഒരുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു.
കടൽഭിത്തി നിർമാണ സാധ്യതാപഠനം നടത്തുന്നതിനായാണ് ഉദ്യോഗസ്ഥ സംഘം പാലപ്പെട്ടി മുതൽ പൊന്നാനി അഴിമുഖം വരെ സന്ദർശിച്ചത്.
മതിപ്പുകണക്ക് തയ്യാറാക്കി പ്രാഥമിക സാധ്യതാ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സർക്കാരിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രൂക്ഷമായ കടലേറ്റപ്രശ്നങ്ങൾ കൊണ്ട് ദുരിതമനുഭവിച്ചിരുന്ന കൊച്ചിയിലെ ചെല്ലാനം ഉൾപ്പെടെ ചിലയിടങ്ങളിൽ ടെട്രാപോഡ് കടൽഭിത്തി നിർമിച്ചതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നു.
ചെന്നൈ ആസ്ഥാനമായ എൻ.സി.സി.ആർ. ആണ് സാധ്യതാപഠനം നടത്തുന്നത്. ഉദ്യോഗസ്ഥസംഘം പി. നന്ദകുമാർ എം.എൽ.എ.യുമായി ചർച്ച നടത്തി. കടലോരപ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പദ്ധതി.
എൻ.സി.സി.ആർ. ശാസ്ത്രജ്ഞരായ സത്യകിരൺ രാജ് അല്ലൂരി, എസ്. സുബ്ബരാജ്, ബി. നമിത, പ്രോജക്ട് അസോസിയേറ്റ് ബി. ശിൽപ്പ എന്നിവർ സംഘത്തിലുണ്ടായിരുന്നു.