പൊന്നാനി : നഗരസഭയിൽ വെള്ളിയാഴ്ച കൗൺസിൽയോഗം ചേർന്നത് മൊബൈൽടോർച്ചിന്റെ വെളിച്ചത്തിൽ. വൈദ്യുതി മുടങ്ങിയതും ജനറേറ്റർ ഇല്ലാത്തതുമാണ് കൗൺസിൽയോഗത്തെ ഇരുട്ടിലാക്കിയത്.വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. രണ്ടു ദിവസം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പകരം സംവിധാനമൊരുക്കാൻ നഗരസഭ ഭരണസമിതി തയ്യാറാകാത്തതാണ് യോഗം ഇരുട്ടിലാകാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെയുള്ള 34 അജൻഡകൾ അരമണിക്കൂറിനകം വായിച്ചുതീർത്ത് കൗൺസിൽയോഗം പിരിഞ്ഞു. മാസങ്ങളായി ജനറേറ്റർ പ്രവർത്തനരഹിതമാണ്. പുതിയ ജനറേറ്റർ കഴിഞ്ഞദിവസം എത്തിയെങ്കിലും ഇത് പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. വൈദ്യുതി ഇല്ലാത്തതിനാൽ നഗരസഭയിലെ മറ്റു സേവനങ്ങളും തടസ്സപ്പെട്ടു.