കുറ്റിപ്പുറം : നഗരത്തിലെ ഒരു ഭാഗത്തെ മലിനജലം മുഴുവൻ ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്ന തോടിന്റെ സ്ളാബുകൾ നീക്കി പരിശോധന നടത്താൻ തീരുമാനം. വെള്ളിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടിയുടെ നേതൃത്വത്തിൽ തോടിലൂടെ മലിനജലം ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന പ്രദേശത്ത് സന്ദർശനം നടത്തിയതിനുശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. സ്ളാബുകൾ നീക്കിയുള്ള പരിശോധന ഡിസംബർ ആദ്യവാരം നടക്കും.നഗരത്തിലെ മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടാനായി വർഷങ്ങൾക്ക് മുൻപ് നിർമിച്ച തോടിലൂടെ മഴവെള്ളത്തിനുപകരം ഇപ്പോൾ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവയാണ് ഒഴുക്കിവിടുന്നത്. ഇതുസംബന്ധിച്ച് നേരത്തെ ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയുടെ പാശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്ത് സന്ദർശനം നടത്തി. പരിശോധനയിൽ ദുർഗന്ധമുള്ള മലിനജലമാണ് തോടിലൂടെ ഒഴുക്കിവിടുന്നതെന്ന് വ്യക്തമായി. തുടർന്ന് പഞ്ചായത്ത് അധികൃതരെയും ജില്ലാ മെഡിക്കൽ ഓഫീസറെയും രേഖാമൂലം അറിയിക്കുകയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സെക്രട്ടറി പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. പ്രകാശൻ, ഹെൽത്ത് സൂപ്പർവൈസർ സുന്ദരൻ എന്നിവർ പരിശോധനയ്ക്ക് എത്തി.