ചങ്ങരംകുളം : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകളിൽ നടപ്പിലായിവരുന്ന ലൈഫ് ഭവന പദ്ധതിയുടെ പൂർത്തീകരണവും പട്ടയ വിതരണവും സംബന്ധിച്ചുള്ള അവലോകനയോഗം ചങ്ങരംകുളത്ത് ചേർന്നു. ആലങ്കോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പി. നന്ദകുമാർ എം.എൽ.എ.യുടെ അധ്യക്ഷതയിലായിരുന്നു യോഗം. ലൈഫ് പട്ടികയിൽ ഉൾപ്പെടുകയും എന്നാൽ ഡേറ്റാബാങ്കിലാകുകയും ചെയ്ത ഗുണഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഊർജിതമായി ഇടപെടാൻ യോഗം തീരുമാനിച്ചു. നിലവിൽ പഞ്ചായത്തുകളിൽ സാങ്കേതികതടസ്സങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ലൈഫ് അപേക്ഷകളിൽ അടിയന്തരമായി തീർപ്പുകൽപ്പിക്കാൻ വേണ്ട ഇടപെടലുകൾ നടത്തും.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു, ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ഷഹീർ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻറ് മിസ്രിയ സൈഫുദ്ദീൻ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടയിൽ ഷംസു, പൊന്നാനി ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.