പുറത്തൂർ : ആലത്തിയൂർ പഞ്ഞംപടിയിൽ ടാങ്കർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. പരിക്കേറ്റവരെ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തിരൂരിൽനിന്ന് പുറത്തൂരിലേക്ക് പോകുന്ന ബസും ചമ്രവട്ടം ഭാഗത്തുനിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവറുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിൽ ഏറെ വിദ്യാർഥികളുമുണ്ടായിരുന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് തിരൂർ-ചമ്രവട്ടം റോഡിൽ രണ്ടുമണിക്കൂറിലേറെ വാഹന ഗതാഗത തടസ്സമുണ്ടായി. യാത്രക്കാർ ബദൽ വഴി തേടിയതോടെ സമാന്തര പാതയായ പൂക്കൈത റോഡിലും ഗതാഗതക്കുരുക്കുണ്ടായി. വൈകീട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ചു.