പൊന്നാനി : തായ്‌ലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പു കേന്ദ്രത്തിലേക്ക് മലയാളികളെ എത്തിച്ച് വഞ്ചിച്ചെന്ന കേസിലെ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പൊന്നാനി പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് മേലേ പട്ടാമ്പി കറുപ്പൻതൊടി നസറുദ്ദീൻഷാ(32)യാണ് അറസ്റ്റിലായത്.പൊന്നാനി സ്വദേശിയായ അജ്മലിന്റെ പരാതിയിലാണ് അറസ്റ്റ്. തായ്‌ലാൻഡിലെ പരസ്യ കമ്പനിയിൽ ഒരുലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ആളുകളെ കംബോഡിയയിലേക്ക് കടത്തിയിരുന്നത്. ഒന്നരലക്ഷം രൂപ ഇവരിൽനിന്ന് കൈപ്പറ്റിയിരുന്നു.തായ്‌ലാൻഡിനു പകരം കംബോഡിയയിലെ സൈബർ തട്ടിപ്പു കേന്ദ്രത്തിലേക്കാണ് യുവാക്കളെ എത്തിച്ചത്. ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. പലരും കംബോഡിയയിലെ സൈബർ തട്ടിപ്പു കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പരാതിക്കാരനായ അജ്മൽ ഉൾപ്പെടെ ചിലർ രക്ഷപ്പെട്ട് നാട്ടിലെത്തിയിരുന്നു.പരസ്യ ക്കമ്പനിയിൽ ജോലി തരാമെന്ന് പറഞ്ഞ് ഓരോരുത്തരിൽ നിന്നും 2000 ഡോളർ വീതമാണു വാങ്ങിയത്. ഇതര ജില്ലകളിലും ഇയാൾ സമാന തട്ടിപ്പ് നടത്തിയെന്നു വ്യക്തമായതായും പൊലീസ് അറിയിച്ചു. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.