ചങ്ങരംകുളം : ആലങ്കോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിനടുത്ത് വീട്ടമ്മമാരുടെ ഒരേക്കറോളം വരുന്ന കപ്പക്കൃഷിയാണ് കഴിഞ്ഞദിവസങ്ങളിലായി കാട്ടുപന്നികൾ നശിപ്പിച്ചത്. അഞ്ചുമാസം പ്രായമായ നൂറുകണക്കിനു തൈകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.ചിയ്യാനൂർ സ്വദേശികളായ ശാന്ത, കോമള, വിലാസിനി, തങ്കമണി എന്നിവർചേർന്നാണ് പാട്ടത്തിനെടുത്ത ഒരേക്കറോളം വരുന്ന സ്ഥലത്ത് കൃഷി ഇറക്കിയത്.കാട്ടുപന്നികൾ കയറാതിരിക്കാൻ വല കെട്ടിമറച്ചാണ് കൃഷിചെയ്തിരുന്നത്. കൃഷി നശിച്ചതോടെ വലിയ സാമ്പത്തികനഷ്ടം സംഭവിച്ചതായും വീട്ടമ്മമാർ പറഞ്ഞു.രാത്രികാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.വാഴത്തോട്ടവും ചേന, ചേമ്പ് അടക്കമുള്ള കാർഷികവിളകളും വ്യാപകമായി നശിപ്പിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉദിനുപറമ്പ് ഭാഗത്ത് വിളവെടുപ്പിനു പാകമായ ഒരേക്കറോളം നെൽക്കൃഷിയും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. കർഷകർക്ക് സാമ്പത്തികനഷ്ടവും ദുരിതവും തീർക്കുന്ന പന്നികളെ പിടികൂടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.