കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ റെയിൽപ്പാതയ്ക്ക് മുകളിലൂടെയുള്ള നടപ്പാത അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജനുവരിയിൽ തുറന്നുകൊടുക്കും.നടപ്പാതയുടെ കോൺക്രീറ്റിങ് അടുത്ത ദിവസം നടക്കും.മുൻപ് കോൺക്രീറ്റിന്റെ സ്ളാബുകളാണ് നടപ്പാതയിൽ സ്ഥാപിച്ചിരുന്നത്.കാലപ്പഴക്കത്തിൽ സ്ളാബുകളും അവ ഘടിപ്പിച്ചിരുന്ന ഇരുമ്പുകമ്പികളും തകർച്ച നേരിട്ടിരുന്നു.ഈ സാഹചര്യത്തിലാണ് മൂന്നു മാസം മുൻപ് നടപ്പാത പൂർണമായും അടച്ചിട്ട് പുനർനിർമാണം ആരംഭിച്ചത്.എന്നാൽ പുനർനിർമാണപ്രവൃത്തികൾ പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നത് കാൽനടയാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുകയാണ്.