വെളിയങ്കോട്: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു വെളിയങ്കോട് പഴയ കടവിൽ സർവീസ് റോഡിനെ ചൊല്ലി ആശങ്ക തുടരുന്നു. വെളിയങ്കോട് പഞ്ചായത്തിലെ 1, 2 വാർഡുകളെ ബന്ധിപ്പിച്ചുള്ള പഴയ കടവിലെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടാണു പരാതി ഉയർന്നിരിക്കുന്നത്. പാതയുടെ ഇരുവശത്തെയും സർവീസ് റോഡുമായി ബന്ധിപ്പിച്ചു പുതുപൊന്നാനി പാലത്തിന് അടിയിലൂടെ പാത നിർമിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. അടിപ്പാത നിർമാണം തുടങ്ങി.പ്രധാന പാതയുടെ പടിഞ്ഞാറു ഭാഗത്തെ ജനങ്ങൾക്ക് പാതയിലേക്ക് എത്തിച്ചേരാൻ ഈ ഭാഗത്തു സർവീസ് റോഡ് നിർമിക്കാത്തതാണു നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നത്. സർവീസ് റോഡ് പുതിയതായി നിർമിച്ചുകൊണ്ടിരിക്കുന്ന അടിപ്പാതയുമായി ബന്ധിപ്പിക്കാത്തതു മൂലം താവളക്കുളം, വെളിയങ്കോട്, ചാവക്കാട് ഭാഗത്തേക്കു പോകാൻ പൊന്നാനിയിൽ പോയി ചുറ്റിക്കറങ്ങി വേണം എത്തിച്ചേരാൻ. സ്കൂൾ, ആശുപത്രി, പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിൽ എത്തിച്ചേരാനും പടിഞ്ഞാറൻ മേഖലയിലുള്ളവർക്കു ദുരിതമാകും. നാട്ടുകാരുടെ പരാതിയിൽ പഴയ കടവിലെ ഇരുവശത്തെയും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ യു ടേൺ സംവിധാനം നിർമിക്കാൻ ഹൈക്കോടതി നിർദേശം നൽകിയെങ്കിലും ദേശീയപാതാ അതോറിറ്റി നടപടി ഒന്നും ആരംഭിച്ചിട്ടില്ല. ഗതാഗത പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ പഴയ കടവിലെ സ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം എംഎൽഎയെയും കലക്ടറെയും കാണുമെന്നു ഷംസു കല്ലാട്ടയിൽ അറിയിച്ചു.