കുറ്റിപ്പുറം : നഗരത്തിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം അവിടെ സ്ഥാപിച്ച തെരുവുവിളക്കുകൾ കൂടി പ്രകാശിപ്പിക്കണമെന്ന നിയമം കരാർ കമ്പനി പാലിക്കുന്നില്ല.റെയിൽവേ മേൽപ്പാലത്തിലും ഹൈവേ ജങ്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ റോഡിന് നടുവിലായും സ്ഥാപിച്ച പരസ്യബോർഡുകൾക്ക് മുകളിലുള്ള തെരുവുവിളക്കുകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല.പരസ്യങ്ങൾക്കും തെരുവുവിളക്ക് സ്ഥാപിക്കുന്നതിനുമായി സ്വകാര്യ കമ്പനിക്കാണ് പഞ്ചായത്ത് കരാർ നൽകിയിട്ടുള്ളത്. എന്നാൽ പരസ്യങ്ങൾ യഥാസമയങ്ങളിൽ തെരുവുവിളക്കുകളുടെ തൂണിൽ വരുന്നുണ്ടെങ്കിലും ബൾബുകൾ പ്രകാശിക്കാറില്ല. ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്.ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ വൈദ്യുതിവിളക്കുകളും അണഞ്ഞിട്ട് മാസങ്ങളായി. എന്നാൽ കാത്തിരിപ്പുകേന്ദ്രത്തിന്റെ മുകളിൽ പരസ്യബോർഡുകൾ മാറിമാറി വരുന്നത് തുടരുന്നുമുണ്ട്.ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും ഹൈവേ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തനക്ഷമമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായുള്ള അറ്റകുറ്റപ്പണികൾ ഹൈവേ ജങ്ഷനിൽ നടന്നതിനെ തുടർന്നാണ് ഇവിടുത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചത്.ബസ് സ്റ്റാൻഡ് മുതൽ ഹൈവേ ജങ്ഷൻ വരെ രാത്രിയിൽ കച്ചവടസ്ഥാപനങ്ങൾ അടച്ചാൽ പിന്നെ വാഹനങ്ങളിൽനിന്നുള്ള വെളിച്ചം മാത്രമാണുള്ളത്. രാത്രി വൈകി തീവണ്ടിയിലെത്തുന്ന യാത്രക്കാരും വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും ബസ് സ്റ്റാൻഡിലും ഹൈവേ ജങ്ഷനിലും ബസ് കാത്തുനിൽക്കുന്നത് ഇരുട്ടിലാണ്.