എടപ്പാൾ : അധികൃതർ ഉറപ്പു നൽകിയ തീയതി പിന്നിട്ടിട്ടും ടൗണിലെ റോഡുകൾ പൂർവ സ്ഥിതിയിൽ ആയില്ല. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട കുറ്റിപ്പുറം റോഡിലെയും എടപ്പാൾ ടൗണിലെയും പണികളാണ് ഇനിയും പൂർത്തീകരിക്കാത്തത്. പൈപ്പുകൾ സ്ഥാപിക്കുന്നതിനായാണ് ഈ ഭാഗങ്ങളിൽ കുഴിയെടുത്തത്. പിന്നീടു താൽക്കാലികമായി മെറ്റൽ പാകിയെങ്കിലും പൊടിശല്യം മൂലം സമീപത്തെ വ്യാപാരികൾ ദുരിതത്തിലായി.മഴ പെയ്താൽ ചെളിയും മറ്റു സമയങ്ങളിൽ പൊടിശല്യവും രൂക്ഷമായതോടെ പലരും മാസ്ക് ഉൾപ്പെടെ ധരിച്ചാണു കടകളിൽ ഇരിക്കുന്നത്. പൈപ്പ് സ്ഥാപിക്കാനായി ടൗണിൽ പൊളിച്ചിരുന്നെങ്കിലും ഇവിടത്തെ ജോലികൾ കഴിഞ്ഞ ദിവസം പൂർത്തീകരിച്ച് മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഇവിടെയും ടാറിങ് ജോലികൾ അവശേഷിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ജല അതോറിറ്റി അധികൃതരുമായും കരാറുകാരുമായും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തിരുന്നു.ജോലികൾ വേഗത്തിൽ പൂർത്തീകരിക്കാതെ ജനങ്ങളെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നതിന് അറുതി വരുത്തണമെന്ന ആവശ്യമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ടുവച്ചത്. പ്രതിഷേധം ശക്തമായതോടെ 20ന് അകം ജോലികൾ മുഴുവൻ പൂർത്തീകരിച്ച് ടാറിങ് നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ പറഞ്ഞ അവധി പിന്നിട്ടിട്ടും റോഡുകളുടെ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണു വ്യാപാരി സംഘടന.അതേസമയം പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ഈ ഭാഗത്ത് പൂർത്തീകരിച്ചെങ്കിലും അവസാനവട്ട പരിശോധനകൾ കൂടി അവശേഷിക്കുന്നുണ്ടെന്നാണ് ജലഅതോറിറ്റി അധികൃതർ പറയുന്നത്. ഈ ഭാഗത്തേക്ക് പമ്പിങ് നടത്തി എവിടെയെങ്കിലും ജലം പാഴാകുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. ടാറിങ് പൂർത്തീകരിച്ചാൽ ഇത്തരം ജോലികൾ പൂർത്തീകരിക്കാൻ സാങ്കേതികമായി തടസ്സമുണ്ടെന്നും അടുത്ത ദിവസം തന്നെ ടാറിങ് പൂർത്തീകരിക്കാനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *