ചങ്ങരംകുളം : മാസങ്ങളായി തകർന്ന് കിടക്കുന്ന ചങ്ങരംകുളം ടൗണിലെ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് കണ്ണ് കെട്ടി പ്രതിഷേധിച്ചു. ജൽജീവൻ പദ്ധതിക്കായി കീറിമുറിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാതെ ചങ്ങരംകുളം ടൗണിലെ വ്യാപാരികളെയും യാത്രക്കാരെയും അധികാരികൾ പൊടി തീറ്റിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്.പൊളിച്ചിട്ട റോഡുകൾ ഇനിയും പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ പ്രക്ഷോഭപരിപാടികൾക്ക് രൂപംനൽകുമെന്ന് സമരം ഉദ്ഘാടനംചെയ്ത ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സിദ്ദിഖ് പന്താവൂർ പറഞ്ഞു. ചങ്ങരംകുളം ഹൈവേ ജങ്‌ഷനിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.വി. സുജീർ, കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, ഇർഷാദ് പള്ളിക്കര, സുഹൈർ എറവറാംകുന്ന്, ഫൈസൽ സ്നേഹനഗർ തുടങ്ങിയവർ പങ്കെടുത്തു.