വെളിയങ്കോട് : വെള്ളക്കെട്ടിന് കാരണമാകുന്ന വെളിയങ്കോട്ടെ കാനകൾ ദേശീയ പാത അതോറിറ്റി അടച്ചുതുടങ്ങി. പുതുപൊന്നാനി പാലം മുതൽ അയ്യോട്ടിച്ചിറ വരെ കനാലുകളിലെ വെള്ളമാണ് മേഖലയിൽ നിന്ന് ഒഴിവാക്കുന്നത്. ദേശീയ പാതയിൽ പെയ്യുന്ന മഴ വെള്ളം കനാൽ വഴി വെളിയങ്കോട് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്കാണു ഒഴുക്കി വിട്ടിരുന്നത്.
വെള്ളക്കെട്ട് രൂക്ഷമായതോടെ വെളിയങ്കോട് പഞ്ചായത്ത് ഭരണ സമിതിയും നാട്ടുകാരും പ്രതിഷേധവുമായി എത്തുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. ജില്ലാ കലക്ടർ നേരിട്ട് പരിശോധിച്ചതിന്റെ ഭാഗമായാണ് 6 കാനകൾ അടയ്ക്കാൻ ദേശീയ പാത അതോറിറ്റി തീരുമാനിച്ചത്.
താവളക്കുളം, അയ്യോട്ടിച്ചിറ, വെളിയങ്കോട് അങ്ങാടി, ബീവിപ്പടി, സ്കൂൾ പടി എന്നിവിടങ്ങളിലാണ് കാനകളാണ് അടയ്ക്കുക. കാനയിൽ എത്തുന്ന വെള്ളം മറ്റു വഴികളിലൂടെ പുഴ, കനോലി കനാൽ എന്നിവിടങ്ങളിലേക്ക് ഒഴുക്കി വിടുമെന്ന് അധികൃതർ അറിയിച്ചു. കാന അടയ്ക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.