വെളിയങ്കോട് : തീരദേശത്തിന് സുഗന്ധം പരത്തി രാമച്ചം വിളവെടുപ്പ് ആരംഭിച്ചു. പുതുപൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീര മേഖലയിലാണ് കർഷകർ രാമച്ചം വിളവെടുപ്പ് തുടങ്ങിയിരിക്കുന്നത്. രാമച്ച വേരിനു വില ചെറിയ തോതിൽ വർധിച്ചതോടെ കൃഷി ഇറക്കിയത് നഷ്ടമാകില്ലെന്ന പ്രതീക്ഷയിലാണ് കർഷകർ. വൃത്തിയാക്കാത്ത രാമച്ച വേരുകൾ കിലോഗ്രാമിന് ശരാശരി 90 രൂപയും വൃത്തിയാക്കിയതിന് 270 രൂപയുമാണ് ഇപ്പോഴത്തെ വില.മരുന്നുകൾ, സുഗന്ധ ദ്രവ്യങ്ങൾ, സോപ്പ്, ചെരുപ്പ്, വിശറി, കിടക്ക, തലയണ എന്നിവയ്ക്കാണു കൂടുതലായും ഉപയോഗിക്കുന്നത്. കേരളത്തിന് പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലേക്കാണ് രാമച്ച വേരുകൾ കൂടുതലായും കൊണ്ടുപോകുന്നത്. വിളവെടുത്ത് സ്ഥലങ്ങളിൽ നിലം ഒരുക്കി അടുത്ത വർഷത്തേക്കുള്ള രാമച്ച വേരുകൾ വച്ചു പിടിപ്പിക്കുന്ന ജോലികളും അടുത്ത് ദിവസം തുടങ്ങും.സർക്കാർ തലത്തിൽ രാമച്ച സംഭരണ കേന്ദ്രങ്ങൾ തുടങ്ങാൻ വൈകിയതോടെ രാമച്ച വിൽപനയിലും ഏജന്റുമാരുടെ ചൂഷണത്തിന് കർഷകർ ഇരയാകുന്നുണ്ട്.