പുറത്തൂർ : പിടിതരാതെ തീരദേശത്ത് വിലസിക്കൊണ്ടിരിക്കുന്ന പുള്ളിപ്പുലിയുടെ താവളം ആൾത്താമസമില്ലാത്ത മാടത്തപ്പടന്ന ദ്വീപെന്നു സംശയം. തിരൂർ-പൊന്നാനിപ്പുഴയിലെ കൂട്ടായിക്കും പെരുന്തിരുത്തിക്കുമിടയിലാണ് വെള്ളത്താൽ ചുറ്റപ്പെട്ട മാടത്തപ്പടന്ന. മൂന്നേക്കറിലേറെ വിസ്തൃതിയിലുള്ള ദ്വീപ് വ്യക്തികളുടെ െെകയിലാണ്.മുമ്പ് ഇവിടെ വീടുകളുണ്ടായിരുന്നു. കാൽനൂറ്റാണ്ടായി ആൾത്താമസമില്ല. നിറയെ തെങ്ങിൻതോപ്പുകളാണ്. എന്നാൽ പരിപാലനമില്ലാത്തതിനാൽ കുറച്ചുകാലമായി ഇവിടം കാടുപിടിച്ചുകിടക്കുകയാണ്.പുലിയെ കണ്ടെന്നു പറയുന്ന പ്രദേശത്തുനിന്ന് ദ്വീപിലേക്ക് അധികദൂരമില്ല. കൂട്ടായി തെക്കേക്കടവിൽ രണ്ട് ആടുകൾ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് നോക്കിയാൽ കാണുന്ന ദൂരമേ ദ്വീപിലേക്കുള്ളൂ. പഴയതുപോലെ ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികളും ഈ വഴി വരാറില്ല.മാടത്തപ്പടന്ന ദ്വീപിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ സംശയിക്കാനുള്ള കാരണങ്ങൾ ഇതൊക്കെയാണ്: ദ്വീപിൽ കുറേയായി നായ്ക്കളുടെയും കുറുനരികളുടെയും സാന്നിധ്യമുണ്ട്. നായ്ക്കൾ പുഴ നീന്തി ദ്വീപിലേക്ക് പോകുന്നത് പെരുന്തിരുത്തി തെക്കേക്കടവ് ഭാഗത്തുനിന്ന് കാണാറുണ്ടായിരുന്നു. വല്ലപ്പോഴും ഇവിടെ തേങ്ങയിടാൻ പോകുന്ന സമയത്ത് തെങ്ങുകയറ്റതൊഴിലാളികൾ നായ്ക്കളെ കാണാറുണ്ട്. എന്നാൽ കുറച്ച് മാസങ്ങളായി ദ്വീപ് നിശ്ശബ്ദമാണ്.പതിവ് ബഹളങ്ങളൊന്നും ഇവിടെനിന്നും കേൾക്കാറില്ല. പുലിയുടെ സാന്നിധ്യമാകാം മറ്റു ജീവികൾ ഇവിടം വിട്ടുപോകാൻ കാരണമായതെന്നാണ് നിഗമനം. മാടത്തപ്പടന്നയിലാകും പുലി ഒളിച്ചിരിക്കുന്നതെന്ന സംശയം നാട്ടുകാർ വനം വകുപ്പ് അധികൃതരുമായി പങ്കുവെച്ചിട്ടുണ്ട്. ദ്വീപിൽ വനംവകുപ്പിന്റെ പരിശോധന വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പുലിയുണ്ടെന്ന് സ്ഥിരീകരിച്ച ആറാം നാളിലും അതിനെ കണ്ടെത്താനാകാത്തതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്.