എടപ്പാൾ : എടപ്പാളിൽനിന്ന് ആർക്കെങ്കിലും കത്ത് പോസ്റ്റ്ചെയ്യാനുണ്ടെങ്കിൽ നിങ്ങൾ വലഞ്ഞതുതന്നെ.ഒന്നുകിൽ നിരനിരയായി പാർക്ക്‌ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾക്കിടയിലൂടെ അഭ്യാസം നടത്തിവേണം തപാൽപെട്ടിയ്ക്കടുത്തെത്താൻ. അല്ലെങ്കിൽ വാഹനങ്ങളെല്ലാം മാറ്റാൻ രാത്രിവരെ കാത്തിരിക്കുകയോ ഒന്നരക്കിലോമീറ്റർ അകലെയുള്ള അംശക്കച്ചേരിയിലെത്തുകയോ വേണം. എടപ്പാൾ പട്ടണത്തിൽ പതിറ്റാണ്ടുകളായി കുറ്റിപ്പുറം റോഡിലെ നടപ്പാതയ്ക്കരികിലായിരുന്നു തപാൽപെട്ടി സ്ഥാപിച്ചിരുന്നത്. ഒരുവർഷം മുൻപാണ് ഇതെടുത്ത് തൃശ്ശൂർ റോഡിൽ പാലത്തിനടിയിലേക്കു മാറ്റിയത്. തപാൽ ഉരുപ്പടികൾ കുറഞ്ഞതോടെ വലിയ പെട്ടിക്ക് പകരം ചെറിയ പെട്ടിയാക്കിയെങ്കിലും അവിടേക്ക് എത്തിപ്പെടാനാകാത്തത് ഇപ്പോഴും തപാൽവകുപ്പിനെ ആശ്രയിക്കുന്നവരെ വല്ലാതെ പ്രയാസപ്പെടുത്തുകയാണ്.