എരമംഗലം : എരമംഗലത്തെ ഹോട്ടലിനുള്ളിൽ വച്ചു യുവാവിനെ മർദിച്ച സംഭവത്തിൽ കാർ വാടകയ്ക്ക് എടുത്ത കൊടുത്ത ആൾ അറസ്റ്റിൽ. പൊന്നാനി ജിലാനി നഗറിൽ അഫ്നാനെയാണ് (23) പുതുപൊന്നാനി സ്വദേശി ഇർഫാനെ ഹോട്ടലിൽ വച്ചു മാരകമായി മർദിച്ച പ്രതികൾക്കു വേണ്ടി സഞ്ചരിക്കാൻ കാർ നൽകിയതിന് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കണ്ടെത്തുന്നതിന് പെരുമ്പടപ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വെളിയങ്കോട് ഗ്രാമം സ്വദേശിയിൽ നിന്നാണ് അഫ്നാസ് കാർ വാടകയ്ക്ക് എടുത്തത്. പിന്നീട് കാർ പ്രതികൾക്ക് കൈമാറുകയാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് എരമംഗലത്തെ സ്വകാര്യ വ്യക്തിയുടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ 5 അംഗ സംഘം ഹോട്ടലിനുള്ളിൽ വച്ച് ആയുധങ്ങളുമായി ഇർഫാനെ ആക്രമിച്ചത്.
ഗുരുതരമായ പരുക്കേറ്റ ഇർഫാൻ തൃശൂർ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അഫ്നാസിനെ പൊന്നാനി കോടതിയിൽ ഹാജരാക്കി.