എടപ്പാൾ : വട്ടംകുളം പഞ്ചായത്തിലെ കർഷകരുടെ ഉറക്കം കെടുത്തിയിരുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടികൾക്ക് തുടക്കം. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വേട്ടയിൽ 34 പന്നികളെയാണ് വെടിവെച്ചു കൊന്നത്.പെരിന്തൽമണ്ണ, പാലക്കാട്, എറണാകുളം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോർ ഹണ്ടേഴ്‌സ് ടീമിലെ പ്രൊഫഷണൽ വേട്ടക്കാരായ എം.എം. സക്കീർ ഹുസൈൻ, ദിലീപ് മേനോൻ, സംഗീത്, വി.സി. മുഹമ്മദലി, ഇല്യാസ്, ഇസ്മയിൽ, മങ്കട അസീസ്, സലീം അയിലക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ടു ദിവസങ്ങളിലായി നടന്ന വേട്ടയിൽ പങ്കെടുത്തത്.പഞ്ചായത്തിലെ പോട്ടൂർ, ചേകന്നൂർ, ശുകപുരം, നെല്ലിശ്ശേരി, കുറ്റിപ്പാല എന്നിവിടങ്ങളിലാണ് പന്നിശല്യം രൂക്ഷം.നെൽപ്പാടങ്ങളിലും വാഴ, കപ്പ, പച്ചക്കറി തോട്ടങ്ങളിലുമെല്ലാം പന്നിക്കൂട്ടമിറങ്ങി വിള നശിപ്പിക്കുന്നത് കർഷകരെ പ്രയാസത്തിലാക്കിയിരുന്നു.ഇനിയും പന്നികളുണ്ടെങ്കിൽ വീണ്ടും വേട്ട നടത്തുമെന്ന് പ്രസിഡന്റ് എം.എ. നജീബ് പറഞ്ഞു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് എന്നിവരുടെ നിർദ്ദേശാനുസരണം പന്നികളെ കൊന്നുകുഴിച്ചുമൂടി. രണ്ടു മാസം മുൻപും വട്ടംകുളത്ത് പന്നിവേട്ടയിൽ പന്നികളെ കൊന്നൊടുക്കിയിരുന്നു.