എടപ്പാൾ : ഒടുവിൽ വട്ടംകുളത്തിന്റെ ഫുട്‌ബോൾ ആരവം ഗാലറി കയറുന്നു. എ.കെ.ജി. മിനിസ്റ്റേഡിയത്തിൽ ഒരുകോടി ചെലവിൽ ഉയരുന്ന ഗാലറിയുടെ നിർമാണം പുരോഗമിക്കുകയാണ്. ഗ്രാമപ്പഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി തുടങ്ങിയ പ്രവൃത്തി കരാറുകാരുടെ അനാസ്ഥകൊണ്ട് വർഷങ്ങളോളം സ്തംഭിച്ചുകിടന്നു. ഭരണസമിതിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലിനൊടുവിൽ നിർമാണം എടപ്പാൾ ആസ്ഥാനമായുള്ള സാഫ്‌കോ എന്ന നിർമാണക്കമ്പനിക്ക് കൈമാറിയതോടെയാണ് പ്രവൃത്തി പുനരാരംഭിച്ചത്.സ്റ്റേഡിയത്തിന് കഴിക്കുവശത്തുള്ള ഡ്രസ്സിങ് മുറിയുൾപ്പെടുന്ന കെട്ടിടം പണി പൂർത്തിയായി. ഗാലറിയുടെയും വല വിരിക്കലിന്റെയും പണി അടുത്തുതന്നെ പൂർത്തിയാകും.ഫുട്‌ബോളും ക്രിക്കറ്റുമടക്കമുള്ള കായികവിനോദങ്ങൾക്കെല്ലാമുതകുന്ന വിധത്തിലാണ് നിർമാണം നടക്കുന്നത്. മറ്റു ജോലികൾകൂടി പൂർത്തീകരിച്ച് അടുത്ത മാർച്ചോടെ സ്റ്റേഡിയം കായികപ്രേമികൾക്കായി തുറന്നുനൽകാനാവുമെന്ന് നിർമാണപുരോഗതി വിലയിരുത്തിയശേഷം പ്രസിഡന്റ് എം.എ. നജീബ്, മുൻ പ്രസിഡന്റ് കഴുങ്ങിൽ മജീദ്, ഹസൈനാർ നെല്ലിശ്ശേരി എന്നിവർ പറഞ്ഞു. എ.കെ.ജി. മിനി സ്റ്റേഡിയത്തിൽ ഗാലറിയുടെ നിർമാണപുരോഗതി ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികൾ വിലയിരുത്തുന്നു