എടപ്പാൾ : എടപ്പാൾ, കാലടി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ എല്ലാ വർഷവുമുണ്ടാകുന്ന വെള്ളക്കെട്ടിനും പ്രളയസമാനമായ അവസ്ഥയ്ക്കും കാരണം ഇവിടെയുള്ള പാലത്തിന്റെ വലുപ്പം കുറച്ചതാണെന്ന് ആരോപണം. എടപ്പാൾ മാണിക്കപ്പാലം മുതൽ പോത്തനൂർ സെന്റർ വരെയും ചാമപ്പറമ്പ് താഴം മുതൽ കോഴിപ്പെറ്റത്താഴം വരെയുമുള്ള ഭാഗമാണ് വെള്ളക്കെട്ടിൽ വലയാറുള്ളത്. തവനൂർ, കാലടി പഞ്ചായത്തുകളിലെ കടകശ്ശേരി കായൽ, മറവഞ്ചേരി കായർ, മൂരിക്കായൽ, മാത്തൂർ കായൽ, ആലേക്കായൽ എന്നിവിടങ്ങളിൽനിന്നുള്ള വെള്ളമത്രയും ഒഴുകിപ്പോകേണ്ട തോടാണ് മറവഞ്ചേരി കായലിൽനിന്നാരംഭിച്ച് എടപ്പാൾ തുയ്യം വലിയപാലത്തിനു സമീപം അവസാനിക്കുന്ന വലിയതോട്.
ഏറെ വിശാലമായാണ് ഈ തോട് പൊൽപ്പാക്കര പാലം വരെയും ഒഴുകിയിരുന്നത്. ഇവിടെയുള്ള പാലം പുതുക്കിപ്പണിതപ്പോൾ വി.സി.ബി.യുടെ തൂണിനു പകരം സ്പാൻ നിർമിച്ചു. ഇതോടെ ഇതിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതായി കാലടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ബീരാവുണ്ണി (കുഞ്ഞാപ്പ) പറയുന്നു.തോട് വീതിയുണ്ടെങ്കിലും പാലത്തിനടിയിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെ വെള്ളം കരയിലേക്ക് കയറാൻ തുടങ്ങി.ഇതോടെ പോത്തനൂർ, മാങ്ങാട്ടൂർ, പൊൽപ്പാക്കര, തണ്ടലം എന്നീ പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിൽ ഒറ്റപ്പെടുന്ന അവസ്ഥയായി. ഇതിനു പരിഹാരം കാണാൻ അശാസ്ത്രീയമായി നിർമിച്ച പാലത്തിന്റെ സ്പാൻ മാറ്റി തോടിലൂടെയുള്ള ഒഴുക്ക് വർധിപ്പിക്കാനും പാലം വീതി കൂട്ടി വലിയ വാഹനങ്ങൾക്ക് പോകാനുള്ള രീതിയിലാക്കാനും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബീരാവുണ്ണിയുടെ നേതൃത്വത്തിൽ ജലസേചന വകുപ്പ് മന്ത്രി, കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണിപ്പോൾ.