എടപ്പാൾ : കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്രയുണ്ടോ, പ്രജീഷുണ്ടാകും മുൻപന്തിയിൽ. യാത്രക്കാരനായി മാത്രമല്ല, എല്ലാവരുടെയും സഹായിയായും ഗൈഡായുമെല്ലാം. ‘ഉല്ലാസയാത്ര’യെന്ന പരിപാടി കെ.എസ്.ആർ.ടി.സി. ആരംഭിച്ച നാൾ മുതൽ കേരളത്തിലെ ഏതൊക്കെ ഡിപ്പോകൾ യാത്ര നടത്തിയിട്ടുണ്ടോ അതിലൊക്കെ അംഗമായ പ്രജീഷ് ഇതിനകം നടത്തിയത് 50 യാത്രകൾഅലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ എടപ്പാളിനടുത്ത കുറ്റിപ്പാല റേഷൻകടയ്ക്ക് സമീപമുള്ള കുനിയത്ത് പ്രജീഷ് എന്ന 38-കാരനാണ് ചെറുപ്പം മുതലുള്ള യാത്രാപ്രേമം മൂത്ത് ആനവണ്ടിയുടെ ചങ്ങാതിയായിട്ടുള്ളത്. കേരളത്തിലാദ്യമായി മലപ്പുറം ഡിപ്പോയാണ് മൂന്നാറിലേക്ക് ഉല്ലാസയാത്രയാരംഭിച്ചത്. വിവരമറിഞ്ഞെത്തിയപ്പോഴേക്കും പ്രജീഷിന് സീറ്റ് കിട്ടിയില്ല. അടുത്ത ട്രിപ്പു മുതൽ പ്രജീഷ് മുൻകൂട്ടി സീറ്റ് റിസർവ് ചെയ്തു. ഇപ്പോൾ ചാലക്കുടിയടക്കം പല ഡിപ്പോകളും ടൂർ പ്ലാൻ ചെയ്താലുടൻ പ്രജീഷിനെ വിളിച്ചറിയിക്കും.തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് നടത്തിയ യാത്രകളിൽ ഭൂരിഭാഗത്തിലും പ്രജീഷ് പങ്കാളിയായി.
പല യാത്രകളിലും വഴികാട്ടിയായും ബസ്സിൽ പാട്ടും ഉല്ലാസവും സംഘടിപ്പിച്ച് കൂട്ടിയിണക്കുന്ന സൗഹൃദക്കണ്ണിയായും പ്രജീഷ് മാറി. ജീവനക്കാർക്കും പ്രജീഷുണ്ടെങ്കിൽ ആവേശമാണ്. തിരുനെല്ലി, പഴനി തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്സുകളിലും പ്രജീഷുണ്ടാകും.യാത്രാനുഭവങ്ങൾ ഷൂട്ട് ചെയ്ത് റീൽസാക്കി യുട്യൂബിലും ഇൻസ്റ്റയിലുമെല്ലാം പോസ്റ്റുചെയ്ത് വലിയൊരു ഫോളോവേഴ്‌സിനെയും സ്വന്തമാക്കി. കെ.എസ്.ആർ.ടി.സി.യുടെ ഗുരുവായൂർ-ബെംഗളൂരു രാത്രിട്രിപ്പിൽ യാത്രചെയ്ത് തയ്യാറാക്കിയ റീൽസിനിപ്പോൾ ഇൻസ്റ്റയിൽ 2.2 മില്യൻ കാഴ്ചക്കാരായി. ആദ്യകാലത്തൊക്കെ യുവാക്കളായിരുന്നു വിനോദയാത്രികരെങ്കിൽ മാറിയ കാലത്ത് 60-നു മുകളിലുള്ള ദമ്പതിമാരുൾപ്പെടെയാണ് കൂടുതൽ യാത്രകൾ പങ്കെടുക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.