താനൂർ : ചെറുമൂച്ചിക്കൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന സി.പി.എം. ജില്ലാ സമ്മേളനത്തിൽ രണ്ടാംദിനത്തിൽ നടന്നത് ചർച്ചകളും മറുപടിയും. ബുധനാഴ്ച ഉച്ചയോടെ ജില്ലാ സെക്രട്ടറി ഇ. എൻ. മോഹൻദാസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനുമേലുള്ള പ്രതിനിധികളുടെ ചർച്ച വ്യാഴാഴ്ച വൈകീട്ടോടെയാണ് അവസാനിച്ചത്.
39 പ്രതിനിധികൾ വിവിധ വിഷയങ്ങൾ ഉന്നയിച്ചു. ഇതിൽ 13 പേർ വനിതകളാണ്. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസും മറുപടി പറഞ്ഞു. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 11-ന് പുനരാരംഭിക്കുന്ന സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കും. നിലവിൽ 38 അംഗങ്ങളുള്ള കമ്മിറ്റിയിൽനിന്ന് ആരൊക്കെ പുറത്താകുമെന്നും പുതുതായി അകത്തുകയറുമെന്നും അറിയാനാകും.
ഇതിൽനിന്ന് ജില്ലാ സെക്രട്ടറിയേ തിരഞ്ഞെടുക്കും. 25 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തീരുമാനിക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ പിന്നീടാണ് തീരുമാനിക്കുക.വൈകീട്ട് മൂന്നു മുതൽ താനൂരിനെ ചുവപ്പണിയിച്ചുകൊണ്ട് റെഡ് വൊളന്റിയർ മാർച്ചുണ്ടാകും. നാലിന് ബഹുജന പ്രകടനവും നടക്കും. വൈകീട്ട് അഞ്ചിന് താനൂരിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഇതോടു കൂടി 16-മത് ജില്ലാ സമ്മേളനം സമാപിക്കും.