പൊന്നാനി : നഗരസഭാ കാര്യാലയം സി.പി.എമ്മിന്റെ പാർട്ടി ഓഫീസായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് നഗരസഭാ സെക്രട്ടറിയെ മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ അനധികൃത നിയമനം റദ്ദുചെയ്ത കോടതി ഉത്തരവുണ്ടായിട്ടും താത്കാലിക ജീവനക്കാർ നിരുപാധികം തുടരുകയാണെന്നും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിച്ചവരുടെ കാലാവധി പൂർത്തീകരിച്ചിട്ടും നിലവിൽ തുടരാൻ അനുവദിച്ച് സെക്രട്ടറി കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
പി.എം.എ.വൈ പദ്ധതിപ്രകാരം ജിയോ ടാഗ് പ്രവൃത്തികളിൽ ഉദ്യോഗാർഥികളെ ഒഴിവാക്കി കൗൺസിലർമാർക്ക് അനൗദ്യോഗികമായി ചുമതല നൽകിയത് രാഷ്ട്രീയപ്രേരിതവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നും യൂത്ത് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.ഹരിത കർമസേന സി.പി.എം. അനുഭാവമുള്ള എൻ.ജി.ഒ.യ്ക്ക് കീഴിൽ പ്രവർത്തിക്കുകയാണെന്നും അതിലെ ജീവനക്കാരൻ ആരോഗ്യവിഭാഗം പ്രവൃത്തികൾ നടത്തുന്നത് നിയമവിരുദ്ധമാണെന്നും സെക്രട്ടറിയുടെ പിടിപ്പുകേടാണ് ഇത്തരം പ്രവർത്തനങ്ങൾക്കു കാരണമെന്നും ആരോപിച്ചാണ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചത്.
നഗരസഭാ ഓഫീസ് താളംതെറ്റിയ നിലയിലാണെന്നും നഗരസഭാ ചെയർമാൻ രാജിവെക്കാൻ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.യൂത്ത് ലീഗ് നേതാക്കളായ എൻ. ഫസലുറഹ്‌മാൻ, ഇല്യാസ് മൂസ, എ.എ. റഊഫ്, സക്കീർ പാലക്കൽ, റാഷിദ് നാലകത്ത് എന്നിവർ നേതൃത്വംനൽകി.