മാറഞ്ചേരി ∙ പൈപ്പിടാൻ കുഴിച്ച റോഡ് നന്നാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മാറഞ്ചേരിയിൽ പഞ്ചായത്ത് അംഗം റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. ജലജീവൻ പദ്ധതിക്കു പൈപ്പിടാൻ വർഷങ്ങൾക്കു മുൻപ് കുഴിച്ച മാറഞ്ചേരി ഓട്ടോ സ്റ്റാൻഡിന് അടുത്ത റോഡാണ് ഇതുവരെയും ടാറിങ് നടത്താത്തത്. പലതവണ വാട്ടർ അതോറിറ്റിയോടു റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പത്താം വാർഡ് അംഗമായ സുലൈഖ റസാഖ് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. യുഡിഎഫ് അംഗമാണ് സുലൈഖ.
സമരത്തിന് ഓട്ടോ തൊഴിലാളികളും പിന്തുണയുമായി എത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ജലജീവൻ ഉദ്യോഗസ്ഥരിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചാലേ സമരത്തിൽനിന്ന് പിൻമാറൂ എന്ന് നിലപാട് എടുക്കുകയായിരുന്നു. തുടർന്ന് വാട്ടർ അതോറിറ്റിയുടെ ഓവർസീയർ പൊലീസുമായി ചർച്ച നടത്തുകയും ഇന്ന് വൈകുന്നേരത്തിനുള്ളിൽ റോഡ് ടാർ ചെയ്യാമെന്ന് ഉറപ്പുനൽകുകയും ചെയ്തതിനെ തുടർന്നാണ് സമരം അവസാനിച്ചത്. മറ്റു മെംബർമാരായ ടി.മാധവനും സംഗീത രാജനും സമരത്തിൽ പങ്കാളികളായി.