പൊന്നാനി : നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും സംഘടിപ്പിച്ച ‘നാഞ്ചിൽ 2.0’ കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള സമാപിച്ചു.
അഞ്ചു ദിനങ്ങളിലായി പൊന്നാനി നിളയോര പാതയിൽ സംഘടിപ്പിച്ച മേളയുടെ സമാപനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു.
കുടുംബശീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത്, നഗരസഭാ കൗൺസിലർമാരായ റീനാ പ്രകാശ്, ഷാലി പ്രദീപ്, ഷാഫി, നസീമ, സി.വി. സുധ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ മൻഷൂബ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.
കച്ചവടം പൊടിപൊടിച്ചു…
നിളയോരപാതയിൽ അഞ്ചുദിവസങ്ങളിലായി നടന്ന കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേളയിൽ 12,17,457രൂപയുടെ വില്പന നടന്നു.
കുടുംബശ്രീയുടെ ഫുഡ് കോർട്ടിൽ എട്ട് ലക്ഷം രൂപയുടെ വില്പനയും ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിച്ച വിവിധ ഉത്പന്നങ്ങൾ വില്പന ചെയ്തതിൽ നിന്നായി 4,17,457 രൂപയും ലഭിച്ചു.