പൊന്നാനി : ദേശീയപാത ആറുവരിയാക്കുമ്പോൾ പുതുപൊന്നാനി പാലത്തിനു താഴെ അടിപ്പാതയും എം.ഐ. ഗേൾസ് സ്‌കൂളിനു സമീപം നടപ്പാലവും നിർമിക്കും.

ദേശീയപാത അതോറിറ്റി അധികൃതർ പുതുപൊന്നാനി ഭാഗം സന്ദർശിച്ചശേഷം മെട്രോമാൻ ഇ. ശ്രീധരനുമായി ചർച്ച നടത്തി. പുതുപൊന്നാനിയിൽ അടിപ്പാത നിർമിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മെട്രോമാൻ ഇ. ശ്രീധരന് ഉറപ്പുനൽകിയതിനു പിന്നാലെയാണ് ദേശീയപാത പ്രോജക്ട് ഡയറക്ടർ അൻഷിൽ ശർമ, റീജണൽ ഓഫീസർ ബി.എൽ. മീണ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം അദ്ദേഹത്തെ കാണാനെത്തിയത്.

പുതുപൊന്നാനി പാലത്തിനുതാഴെ ഇരുചക്രവാഹനങ്ങൾക്കും കാറുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കും കടന്നുപോകാവുന്ന തരത്തിലാണ് അടിപ്പാത നിർമിക്കുക. കൂടാതെ എം.ഐ. ഗേൾസ് സ്‌കൂളിനു സമീപത്ത് ലിഫ്റ്റ് സംവിധാനത്തോടെയുള്ള നടപ്പാലവുമാണ് നിർമിക്കുക.

ദേശീയപാത വികസിപ്പിക്കുമ്പോൾ പുതുപൊന്നാനിയിലും ഉറൂബ് നഗറിലും അടിപ്പാതയില്ലെങ്കിൽ ഉണ്ടാകുന്ന യാത്രാദുരിതം ഇ. ശ്രീധരൻ മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു.

പുതുപൊന്നാനി മേഖലയിലുള്ളവർക്ക് ആനപ്പടിയിലോ വെളിയങ്കോടോ പോയി കറങ്ങിവേണം റോഡിനപ്പുറത്തെത്താൻ. ഉറൂബ് നഗറിലുള്ളവർക്ക് പള്ളപ്രത്തോ ചമ്രവട്ടം ജങ്ഷനിലോ എത്തണം. യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ടു മേഖലയിൽനിന്നുള്ളവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിഷയം അനുഭാവപൂർവം പരിഗണിക്കണമെന്നും പരാതിക്കാരെ കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, പരാതിക്കാരെ കേൾക്കാൻ ഇതുവരെ ദേശീയപാത അധികൃതർ തയ്യാറാകാത്തതിനാൽ അഭിഭാഷകരായ രാജേഷ് നാരായണൻ, കെ.പി. അബ്ദുൽജബ്ബാർ എന്നിവർ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *