Breaking
Sat. Jun 20th, 2026

കോഴിക്കോട്: ഐക്യരാഷ്ട്രസഭയുടെ ഉപസഘംടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ ഇടംപിടിച്ച് കോഴിക്കോടും. സാഹിത്യ നഗരമെന്ന പദവിയിലേക്കാണ് കോഴിക്കോടിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സാഹിത്യ നഗരപദവിയിലേക്ക് കോഴിക്കോടിനെ എത്തിച്ചതില്‍ എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു.

വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്.

പുതുതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലാണ് കോഴിക്കോട് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും പുതിയ പട്ടികയിലുണ്ട്. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോര്‍ ഇടംനേടിയിരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി ഈ പദവി കിട്ടുന്ന നഗരമാണ് കോഴിക്കോടെന്നത് നമ്മുടെ സന്തോഷം വര്‍ധിപ്പിക്കുന്ന കാര്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സാഹിത്യ നഗരമെന്ന പദവി കിട്ടുന്നതോടെ ലോകമെങ്ങുമുള്ള ധാരാളം സഞ്ചാരികള്‍ കോഴിക്കോടിനെ തേടിയെത്തും. സാഹിത്യത്തിലും സംസ്‌കാരത്തിലും താത്പര്യമുള്ളവരാവും അങ്ങനെയെത്തുക. അവര്‍ക്കുമുന്നില്‍ തുറന്നിടാന്‍ കോഴിക്കോടിന്റെ പാരമ്പര്യത്തിന്റെയും സാസ്‌കാരികപ്പെരുമയുടെയും നിരവധി വാതിലുകളുണ്ട്. അതിലൂടെ സംസ്‌കാരങ്ങളുടെ കൈമാറ്റത്തിന് വഴിയൊരുങ്ങും. നമ്മുടെ നാടിന്റെ പെരുമ ലോകമെങ്ങുമെത്തും. ഈ പദവി സ്വന്തമാക്കിയ നമ്മുടെ കോഴിക്കോടിനെ ലോകോത്തര നഗരങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന നഗരമാക്കി മാറ്റാന്‍, ഒരു ന്യൂ കോഴിക്കോടിനെ സൃഷ്ടിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *