എടപ്പാൾ : കൊയ്ത്ത് കഴിഞ്ഞു, വൈക്കോൽ വാങ്ങാൻ ആളില്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ കർഷകർ. നെല്ല് വാങ്ങാൻ സപ്ലൈക്കോയുണ്ടെങ്കിലും വൈക്കോൽ വാങ്ങാനാളില്ലാതായതാണ് കർഷകർക്ക് വലിയ തിരിച്ചടിയായത്.
പശുവളർത്തുന്നവരും പേപ്പർമില്ലുകാരുമെല്ലാമാണ് വൈക്കോൽ കാര്യമായി വാങ്ങിയിരുന്നത്. എന്നാൽ ക്ഷീരകർഷകർ കുറഞ്ഞതും പേപ്പർമില്ലുകാർ കാര്യമായി പ്രാദേശികമായി വൈക്കോൽ വാങ്ങാനെത്താത്തതും പ്രതിസന്ധിക്ക് കാരണമായി.ഒരു കെട്ട് വൈക്കോലിന് 180 രൂപ വരെ ലഭിച്ചിരുന്നിടത്ത് ഈ വർഷം 100-110 രൂപയ്ക്കുപോലും വാങ്ങാൻ ആളില്ല. നെൽകൃഷിയിൽ നെല്ലും വൈക്കോലും കൂടി വിറ്റാലേ കർഷകർക്ക് ലാഭമുള്ളൂ. വൈക്കോൽ നെല്ലിനൊപ്പം കയറ്റിപ്പോയില്ലെങ്കിൽ കർഷകർ സ്വന്തം ചെലവിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റേണ്ടിയുംവരും. ഇതും അധികചെലവാണ്.