Breaking
Thu. Aug 6th, 2026

പരക്കട്ടെ പൊന്നാനിപ്പലഹാരപ്പെരുമ

പൊന്നാനി : പൊന്നാനിപ്പലഹാരങ്ങളുടെ പെരുമയും രുചിയും ഒന്നു വേറെതന്നെയാണ്. ഈ രുചിയും പെരുമയും കേരളമാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊന്നാനിയിലെ ഒരുകൂട്ടം വനിതകൾ. ഇരുപത്തഞ്ചോളം വനിതകൾ ചേർന്ന ‘അപ്പങ്ങളെമ്പാടും’ കൂട്ടായ്‌മയാണ് പൊന്നാനിയുടെ തനതുരുചി കേരളക്കരയാകെ പടർത്താനുള്ള ചേരുവകളൊരുക്കുന്നത്.

മുട്ടപ്പത്തിരി, മുട്ടമാല, മുട്ടസുർക്ക, കൽത്തപ്പം, കിണ്ണത്തപ്പം, കുഴിയപ്പം, അരീരപ്പം, പാലിയത്തപ്പം, മയ്യത്തപ്പം, കാരക്കപ്പം, വിണ്ടി അലുവ, അല്ലാഹുആലം… അങ്ങനെ നീണ്ടുകിടക്കുകയാണ് ‘പൊന്നാനിപ്പലാര’ങ്ങളുടെ പട്ടിക. പണ്ട് പുതിയാപ്ല വിരുന്നിനും പെരുന്നാളിനും മറ്റു വിശേഷ ദിവസങ്ങളിലുമൊക്കെ പൊന്നാനിക്കാരുടെ അടുക്കളകളിൽ പിറവികൊണ്ടിരുന്നതാണ് ഈ വിഭവങ്ങളെല്ലാം. പഴയ തലമുറ ചിട്ടപ്പെടുത്തിയതാണ് ഈ പലഹാരങ്ങളെല്ലാം. രുചിക്കൂട്ടുകളെല്ലാം പഴയതുതന്നെ. പുതിയ തലമുറയിലേക്കും പടർന്നുകിടക്കുകയാണ് പൊന്നാനിയുടെ രുചിയുടെ പൊരുൾ.

പൊന്നാനിയിലെ അടുക്കളകളിൽമാത്രം നിറഞ്ഞുനിന്ന ഈ വിഭവങ്ങൾ പൊതുനിരത്തിലേക്കെത്തുന്നത് 2019-ൽ പൊന്നാനിയിൽ നടന്ന പുരോഗമന കലാസാഹിത്യസംഘം സമ്മേളനത്തോടെയാണ്.

അപ്പങ്ങളെമ്പാടും എന്ന പലഹാര സ്റ്റാളിലൂടെയാണ് പൊന്നാനിയുടെ രുചി വിളമ്പിത്തുടങ്ങിയത്. സർക്കാർ മേളകളിലും സാംസ്‌കാരിക പരിപാടികളിലുമെല്ലാം അപ്പങ്ങളെമ്പാടും ടീം പൊന്നാനിയുടെ രുചിയുടെ കലവറ തുറന്നുവെക്കാറുണ്ട്.

അപ്പങ്ങളെമ്പാടും എന്ന ബ്രാൻഡ് പൊന്നാനിയിലെ പലഹാരങ്ങളെപ്പോലെ രുചിയുടെ അടയാളമായി മാറിക്കഴിഞ്ഞു. 41 വിഭവങ്ങളാണ് ഇവരുണ്ടാക്കുന്നത്. പലഹാരങ്ങൾ കേരളത്തിലെല്ലായിടത്തും എത്തിക്കാനാണ് കൂട്ടായ്‌മ ഉദ്ദേശിക്കുന്നത്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കൂട്ടായ്‌മയുടെ കോ-ഓർഡിനേറ്റർ കെ. ശ്യാമിലി പറഞ്ഞു.

കൂട്ടായ്‌മയിൽ അംഗങ്ങളായ സ്ത്രീകൾ വീടുകളിലുണ്ടാക്കി ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. അമേരിക്കയിലേക്കും ഗൾഫ് നാടുകളിലേക്കുമെല്ലാം പൊന്നാനിയുടെ രുചിവൈവിധ്യം ഇവരിലൂടെ എത്തുന്നുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *