എടപ്പാൾ : വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണം വന്നതോടെ ഉത്സവപ്രേമികൾ നിരാശയിൽ. പ്രദേശത്തെ പ്രധാന ഉത്സവങ്ങളായ മൂക്കുതല കണ്ണേങ്കാവിലും ശുകപുരം കുളങ്കരയിലും വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു.
മൂക്കുതല കണ്ണേങ്കാവിൽ മൂന്നു പാർട്ടിയുടെ വെടിക്കെട്ടും ഞായറാഴ്ച ശുകപുരം കുളങ്കരയിൽ ഇത്തവണ രണ്ടു സംഘത്തിന്റെ വെടിക്കെട്ടും നടക്കേണ്ടതായിരുന്നു. മൂക്കുതലയിലെ കമ്മിറ്റിക്കാർ ഹൈക്കോടതിയിൽ പോയെങ്കിലും വിധി പ്രതികൂലമായിരുന്നു.
കുളങ്കര ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള അപേക്ഷയിൽ ഉത്സവപ്പറമ്പിലേക്കും വെടിക്കെട്ടു സ്ഥലത്തേക്കും എത്തിച്ചേരാൻ സുഗമമായ വഴിയില്ലെന്ന ചങ്ങരംകുളം പോലീസ് നൽകിയ റിപ്പോർട്ടിലെ പരാമർശമാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണു സൂചന.
സാധാരണക്കാരിൽനിന്നും ചെറിയ തുകകൾ പിരിവെടുത്തും കുറിപോലുള്ള വരുമാന മാർഗങ്ങളിലൂടെയുമാണ് ജാതിമത ഭേദമെന്യേയുള്ള കമ്മിറ്റികൾ വെടിക്കെട്ടിനുള്ള പണം സ്വരൂപിക്കുന്നത്.
ഇത് ലൈസൻസുള്ള വെടിക്കെട്ട് കരാറുകാർക്ക് മാസങ്ങൾക്ക് മുൻപുതന്നെ ഇവർ അഡ്വാൻസായി നൽകും. ഓർഡറിനനുസരിച്ച് കരാറെടുത്തവർ വെടിക്കോപ്പുകൾ നിർമിച്ച് ഉത്സവപ്പറമ്പിലെത്തിച്ച് പതിനായിരങ്ങൾ പണിക്കൂലി നൽകിയാണ് വെടിക്കെട്ടിനുള്ള സംവിധാനങ്ങൾ ചെയ്യുന്നത്.
കരാർ കൊടുക്കുന്ന സമയത്തുതന്നെ അനുമതിക്കുള്ള അപേക്ഷകളും നൽകുമെങ്കിലും എല്ലാം പരിശോധിച്ച് അനുകൂലമായാലും പ്രതികൂലമായാലും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലഭിക്കുക ഉത്സവത്തലേന്നോ വെടിക്കെട്ടിന് മണിക്കൂറുകൾക്ക് മുൻപോ ആയിരിക്കും. ഇതിനിടയിൽ കമ്മിറ്റിക്കാർ മുക്കാൽപ്പങ്കും പണം കൈമാറിയിരിക്കും. കരാറെടുത്തവർ അതിലേറെയും ചെലവഴിച്ചുംകാണും. അനുമതി നിഷേധിക്കുന്നതോടെ ഇതെല്ലാം ആർക്കും ഉപകാരമില്ലാതെ പാഴാവുന്ന അവസ്ഥയാണ്.
വെടിക്കോപ്പ് നിർമാണമേഖലയിൽ ജോലിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികൾക്കും ജോലിയില്ലാത്ത അവസ്ഥയുമുണ്ടാകും. സർക്കാരിന്റെ നിബന്ധനകൾ പാലിക്കുന്നവർക്കും നേരത്തെ തന്നെ അപേക്ഷകൾ പരിശോധിച്ച് നിബന്ധന പാലിക്കാനുള്ള സമയം കൊടുത്തും ഈ അവസ്ഥ ഇല്ലാതാക്കണമെന്നാണ് ഭക്തരുടെയും ഉത്സവപ്രേമികളുടെയും ആവശ്യം.