തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വെട്ടം ആലിശ്ശേരിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഇതേത്തുടർന്ന് വനിതാ ഹോസ്റ്റൽ ഉൾപ്പെടെ സർവകലാശാലയുടെ മുഴുവൻ ഹോസ്റ്റലുകളും അടച്ചുപൂട്ടി. കുട്ടികളെ ഹോസ്റ്റലിൽനിന്ന് ഒഴിപ്പിക്കുകയുംചെയ്തു.
ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കഴിഞ്ഞ പത്ത് വർഷമായി ഹോസ്റ്റലിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുത്തിട്ടില്ലെന്നും കിണറിലെ വെള്ളം പരിശോധിച്ചിട്ടില്ലെന്നും പാചകക്കാർക്ക് ഹെൽത്ത് കാർഡില്ലെന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് നടപടി.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. ചോറും കറിയും കഴിച്ചതിനെത്തുടർന്ന് വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഏഴ് കുട്ടികൾ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ആകെ 23 കുട്ടികൾക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റത്.
സംഭവത്തെത്തുടർന്ന് വെട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ്, ജെ.എച്ച്.ഐ.മാരായ സുരേഷ് ബാബു, അമൃത എന്നിവർ വനിതാ ഹോസ്റ്റലിൽ പരിശോധന നടത്തി കുട്ടികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇവർ തിരൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ എം.എൻ. ഷംസിയയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷംസിയയും ഓഫീസ് അസിസ്റ്റന്റ് വി.എസ്. വിബിനും ആലിശ്ശേരിയിലെ ഹോസ്റ്റലിലെത്തി പരിശോധന നടത്തി. ഈ പരിശോധനയിലാണ് ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. തുടർന്ന് പിഴയടയ്ക്കാനും ലൈസൻസ് എടുക്കാനും അതുവരെ ആലിശ്ശേരിയിലെ വനിതാ ഹോസ്റ്റൽ അടച്ചിടാനും ഉത്തരവിടുകയായിരുന്നു.
ആൺകുട്ടികളുടെ ഹോസ്റ്റലും പൂട്ടിയിട്ടുണ്ട്. ഹോസ്റ്റലുകൾ അടച്ചിടുന്ന കാലയളവിൽ ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർഥികൾക്ക് ക്ലാസുണ്ടാകില്ല. നഷ്ടപ്പെടുന്ന ക്ലാസുകൾ ശനിയാഴ്ച പ്രവൃത്തിദിവസമാക്കി പരിഹരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. രേഖകൾ ശരിയാക്കി ഉടനെ ഹോസ്റ്റൽ തുറക്കുമെന്ന് സർവകലാശാലാ വൈസ് ചാൻസ്‍ലർ ഡോ. എൽ. സുഷമ പറഞ്ഞു