തിരൂർ : നഗരത്തിൽ ബസ് സ്റ്റാൻഡിൽ പൂന്തല കൂൾബാറിൽ തീപ്പിടിത്തമുണ്ടായതിന്റെ ഭീതി മാറുംമുൻപ് വീണ്ടും തീപ്പിടിത്തം. സിറ്റി ജങ്ഷനിലെ സുദർശന്റെ ഉടമസ്ഥതയിലുള്ള സുദർശൻ മെറ്റൽസ് പാത്രക്കടയുടെ ഗോഡൗണാണ് കത്തിനശിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് ഓടുമേഞ്ഞ പഴയ കെട്ടിടത്തിന് തീപിടിച്ചത്. സമീപത്തെ പെട്ടിക്കട നടത്തുന്ന അരിമണി പോല ഫൈസലാണ് കെട്ടിടത്തിൽനിന്ന് പുകയുയരുന്നത് കണ്ട് പാത്രക്കടയുടമയെയും നാട്ടുകാരെയും വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയിലും പോലീസിലും വിവരമറിയിച്ചു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും പെട്ടെന്ന് സ്ഥലത്തെത്തി.
ഫയർ സ്റ്റേഷൻ ഓഫീസർ ഇൻചാർജ് ടി.കെ. മദനമോഹനന്റെ നേതൃത്വത്തിലെത്തിയ രണ്ടു യൂണിറ്റ് ചേർന്നാണ് തീയണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എസ്. ലിംസികുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി. അബ്ദുസമദ്, കെ. രാഖിൽ, സി. സതീഷ്, കെ. ലിനിൻ, പി.സി.പി. പ്രിൻസ്, ഡ്രൈവർമാരായ വിബിൻ, അരുൺ, ഹോംഗാർഡുമാരായ വി. ഗിരീഷ് കുമാർ, പി. സുധീർ എന്നിവരും സംഘത്തിലുണ്ടായി. അഗ്നിരക്ഷാസേന തീയണച്ച് തീ വ്യാപിക്കുന്നത് തടഞ്ഞു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നു.