എടപ്പാൾ : കാനകളിലെ മാലിന്യം യഥാസമയം നീക്കംചെയ്യാത്തതിനാൽ എടപ്പാളിൽ പലഭാഗത്തും ദുർഗന്ധംമൂലം നടക്കാനാകുന്നില്ല. പട്ടാമ്പി റോഡിൽ പൊതുമരാമത്തുവകുപ്പിന്റെ നവീകരണത്തിനായി കാന പൊളിച്ചപ്പോഴാണ് കാനയ്ക്കുള്ളിലെ മാലിന്യത്തിന്റെ കാഠിന്യം അധികൃതർക്കും ബോധ്യപ്പെട്ടത്.
ഇതേ അവസ്ഥതന്നെയാണ് പൊന്നാനി റോഡിലെ പല ഭാഗത്തുമെന്നതിനാൽ ഓട്ടോപാർക്കിങ്ങിലുള്ള ഡ്രൈവർമാരടക്കം മൂക്കുപൊത്തിയാണ് വാടക കാത്തിരിക്കുന്നത്. ടൗണിലെ പല സ്ഥാപനങ്ങളിലെയും മാലിന്യങ്ങളൊന്നാകെ കാനയിലേക്ക് ഒഴുക്കുന്നതാണ് ഇത്രമാത്രം ദുർഗന്ധം പരക്കാൻ കാരണമെന്നാണു സൂചന. ഹോട്ടലുകളിലെ അടുക്കളയിലെയും കൈകഴുകുന്നിടത്തെയും ചിലരുടെ കക്കൂസിലെ മലിനജലംവരെ രാത്രിയായാൽ കാനയിലേക്ക് പൈപ്പിട്ട് അടിക്കുന്നതായാണു പറയുന്നത്. രാത്രിസമയത്ത് ഇതിലൂടെ ഒഴുക്കുന്ന മലിനജലം താഴ്‌ന്ന ഭാഗമായ പൊന്നാനി റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. തെരുവുകച്ചവടക്കാരും മറ്റും കാനയിലേക്ക് തള്ളിവിടുന്ന കടലാസ്, പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം കെട്ടിക്കിടന്നാണ് ദുർഗന്ധം വമിക്കുന്നത്. കാലവർഷത്തിനുമുൻപ് ഇതെല്ലാം ശുചിയാക്കാറുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം നിലച്ചതോടെയാണ് ദുർഗന്ധം കൂടിയത്.